താൻ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നും യൂനുസ് സർക്കാർ വന്നതിനുശേഷം അടിച്ചമർത്തപ്പെട്ടവർക്ക് നീതി ഉറപ്പാക്കുമെന്നും സന്ദേശമയച്ച് പുറത്താക്കപ്പെട്ട മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. തന്റെ ഏറ്റവും പുതിയ വീഡിയോ സന്ദേശത്തിലാണ് രാജ്യത്ത് ഇപ്പോൾ നടനമാടിക്കൊണ്ടിരിക്കുന്ന അരാജകത്വ ഭരണം അവസാനിപ്പിക്കുമെന്ന് അവർ വ്യക്തമാക്കിയത്.
തന്റെ പാർട്ടിയായ അവാമി ലീഗിലെ പ്രവർത്തകർക്കുള്ള ഓൺലൈൻ സന്ദേശത്തിലാണ് ഹസീന ഇക്കാര്യം പറഞ്ഞത്. മുഹമ്മദ് യൂനുസിന് ഒരു സർക്കാർ എങ്ങനെ നടത്തണമെന്ന് അറിയില്ല. രാജ്യത്തെ എല്ലാ അന്വേഷണ സമിതികളെയും പിരിച്ചുവിട്ടതിലൂടെ നിരപരാധികളെ കൊല്ലാൻ യൂനുസ് തീവ്രവാദികൾക്ക് സ്വാതന്ത്ര്യം നൽകിയിരിക്കുകയാണ്. ഈ സർക്കാർ ബംഗ്ലാദേശിനെ നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു. പക്ഷേ ഞങ്ങൾ നിശബ്ദരായിരിക്കില്ല.
തീവ്രവാദികളുടെ സർക്കാരിനെ നീക്കം ചെയ്യുന്നതുവരെ ഞങ്ങൾ വിശ്രമിക്കില്ല. പരിക്കേറ്റ എല്ലാ കുടുംബങ്ങൾക്കും സഹായം നൽകും. കൊലയാളികൾക്ക് ബംഗ്ലാദേശ് നിയമപ്രകാരം ശിക്ഷ ഉറപ്പാക്കും. ഹസീന തിരിച്ചുവരുമെന്ന് വീണ്ടും ഉറപ്പിച്ചു പറഞ്ഞു. അതുകൊണ്ടായിരിക്കാം അല്ലാഹു തന്നെ ജീവനോടെ രക്ഷിച്ചത്. വിദ്യാർത്ഥി പ്രസ്ഥാനത്തിൽ പോലീസ് വെടിയുണ്ടകൾ മൂലമല്ല ആളുകൾ മരിച്ചതെന്ന് അവർ വീണ്ടും ആവർത്തിച്ചു പറഞ്ഞു.
ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമായി പോലീസുകാരെ കൊലപ്പെടുത്താൻ ശ്രമിച്ചതായും ഹസീന പറഞ്ഞു. ഇന്ന് യൂനുസ് അക്രമം നടത്തുന്ന കുറ്റവാളികളെ സംരക്ഷിക്കുകയാണെന്ന് ഹസീന ആരോപിച്ചു. പോലീസുകാരെ കൂടാതെ അവാമി ലീഗിന്റെ പ്രവർത്തകരെയും, ബുദ്ധിജീവികളെയും, കലാകാരന്മാരെയും ലക്ഷ്യമിട്ട് വിദ്യാർത്ഥികളാണ് അക്രമം അക്രമം അഴിച്ചുവിട്ടത്. അവർ കൊല്ലപ്പെട്ടു. യൂനുസിന്റെ ഭരണത്തിന് കീഴിൽ കൊലപാതകത്തിന് ഇരയായവരുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കില്ലെന്നും മുൻ പ്രധാനമന്ത്രി പറഞ്ഞു. ഈ ഭീകരരുടെ സർക്കാർ അധികകാലം നിലനിൽക്കില്ലെന്ന് അവാമി ലീഗ് പാർട്ടി പ്രവർത്തകർക്ക് ഉറപ്പുണ്ടെന്നും താൻ തിരിച്ചുവരികയും എല്ലാവർക്കും നീതി ലഭ്യമാക്കുകയും ചെയ്യുമെന്നും അവർ പറഞ്ഞു.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 5 ന് അമേരിക്കൻ ഡീപ് സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംഘടനയുടെ പണം ഉപയോഗിച്ച് ബംഗ്ലാദേശിൽ അട്ടിമറി നടന്നത്. വിദ്യാർത്ഥി പ്രസ്ഥാനം എന്ന മറവിൽ മതതീവ്രവാദികൾ അധികാരം പിടിച്ചെടുത്ത് ബംഗ്ലാദേശിനെ അഗാധത്തിലേക്ക് തള്ളിവിടുകയാണുണ്ടായത്. തുടർന്ന് ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം ഉപേക്ഷിച്ച് ഇന്ത്യയിൽ അഭയം തേടേണ്ടിവന്നു.