യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഇലോൺ മസ്കിനെ ഉപദേശകനാക്കും; വിവേക് രാമസ്വാമി

വരാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ വിജയിക്കുകയാണെങ്കിൽ, ലോകകോടീശ്വരനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്കിനെ ഉപദേശകനാക്കുമെന്ന് ഇന്ത്യൻ – അമേരിക്കൻ വംശജനായ വിവേക് രാമസ്വാമി. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിവേക് രാമസ്വാമി റിപ്പബ്ലിക്കൻ സ്ഥാനാർഥിയായേക്കുമെന്നാണ് സൂചനകൾ

നേരത്തെയും മസ്കിനോടുള്ള ഇഷ്ടം വിവേക് വെളിപ്പെടുത്തിയിരുന്നു. ”ജനമനസ്സിൽ പുതുമയുടെ മുദ്ര പതിപ്പിക്കാൻ ഞാനാഗ്രഹിക്കുന്നു. വിജയിച്ചാൽ എന്റെ മികച്ച ഉപദേശകനാകാൻ ഇലോൺ മസ്കിനു സാധിക്കുമെന്നാണു പ്രതീക്ഷ. എക്സിന്റെ (ട്വിറ്റർ) നടത്തിപ്പ് മാതൃകാപരമാണ്. ട്വിറ്ററിലെ 75 ശതമാനം ആളുകളെയും മസ്ക് പിരിച്ചുവിട്ടു. ആവശ്യമില്ലാത്ത 75 ശതമാനം പേരെ മാറ്റി, ബാക്കിയുള്ളവരുടെ പ്രവർത്തനം മെച്ചപ്പെടുത്തി. ഭരണത്തിൽ ഇതേ മികവാണ് എനിക്കാവശ്യം. അദ്ദേഹം ട്വിറ്ററിലൂടെ എക്സ് നടപ്പാക്കി. സർക്കാരിലൂടെ വലിയ എക്സ് ഞാൻ കൊണ്ടുവരും”– വിവേക് പറഞ്ഞു.

മികച്ച സ്ഥാനാർഥിയാണു വിവേക് എന്നു മസ്ക് പ്രതികരിച്ചിരുന്നു. പാലക്കാട് വടക്കഞ്ചേരി അഗ്രഹാരത്തിൽ നിന്ന് അമേരിക്കയിലെത്തിയ വി.ജി.രാമസ്വാമി– ഗീത ദമ്പതികളുടെ മകനാണ് 38 വയസ്സുകാരനായ വിവേക്. ഹാർവഡ്, യേൽ സർവകലാശാലകളിൽ പഠിച്ച വിവേക് സ്വന്തം ബയോടെക് കമ്പനിയുണ്ടാക്കിയാണ് ശതകോടീശ്വരനായത്. റിപ്പബ്ലിക്കൻ സ്ഥാനാർഥി ആരാവണമെന്ന് തീരുമാനിക്കാനുള്ള പ്രൈമറികളിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസുമാണു വിവേകിന്റെ മുന്നിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *