യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: അയോവ കോക്കസസില്‍ ട്രംപിന് വിജയം

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രാഥമിക ഘട്ടത്തിൽ ഡൊണാൾഡ് ട്രംപിനു വിജയം. റിപബ്ലിക് പാർട്ടി സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിലാണ് അയോവ കോക്കസസിൽ നിർണായക വിജയം നേടിയത്. നിരവധി നിയമക്കുരുക്കുകളിൽ പെട്ടുനിൽക്കുമ്പോഴാണ് മുൻ യു.എസ് പ്രസിഡന്റിന്റെ നേട്ടമെന്നതും ശ്രദ്ധേയമാണ്. മാസങ്ങൾ നീണ്ടുനിൽക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ആദ്യഘട്ടം മാത്രമാണു കഴിഞ്ഞ ദിവസം നടന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിസ്ഥാനത്തേക്കുള്ള യോഗ്യതയാണ് വോട്ടെടുപ്പിലൂടെ ട്രംപ് അരക്കിട്ടുറപ്പിച്ചത്. റിപബ്ലിക്കൻ വോട്ടർമാർ തങ്ങളുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കുന്ന ആദ്യത്തെ സ്റ്റേറ്റാണ് അയോവ.

അപകടകാരിയായ അതിശൈത്യത്തെ അവഗണിച്ചാണ് വോട്ടർമാർ തങ്ങളുടെ സമ്മതിദാനം വിനിയോഗിക്കാൻ പോളിങ് ബൂത്തുകളിലെത്തിയത്. ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 53.3 ശതമാനം വോട്ട് നേടിയാണ് ട്രംപിന്റെ വിജയം. 22,855 വോട്ടാണ് ട്രംപിനു ലഭിച്ചത്. പ്രധാന എതിരാളികളായ റോൺ ഡിസാന്റിസിന് 8,601 വോട്ടും(20 ശതമാനം), നിക്കി ഹാലിക്ക് 7,822 വോട്ടും(18.2 ശതമാനം) ആണു ലഭിച്ചത്. ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി 3,278(7.6 ശതമാനം) വോട്ടുമായി പിന്നിലാണ്.

റിപബ്ലിക്കൻ സ്ഥാനാർത്ഥിയാകാൻ ആകെ 1,215 ഡെലിഗേറ്റുകളുടെ പിന്തുണയാണു വേണ്ടത്. ഇന്നത്തെ വിജയത്തോടെ ഇതുവരെ 16 ഡെലിഗേറ്റുകളെയാണ് ട്രംപ് സ്വന്തമാക്കിയത്. ഡിസാന്റിസിന് നാലും ഹാലിക്കും നാലു വീതം ഡെലിഗേറ്റുകളുടെ പിന്തുണയാണു ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *