യുദ്ധം അനന്തമായി നീളുന്നു ; ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഉൾപ്പോര് രൂക്ഷം

ഗാസയിൽ ആക്രമണം തുടരുന്നതിനിടെ ഇസ്രായേലിൽ ബെഞ്ചമിൻ നെതന്യാഹു മന്ത്രിസഭയിൽ ഉൾപ്പോര് രൂക്ഷമാകുന്നു. യുദ്ധം ഇനിയും അന്ത്യമില്ലാതെ തുടരുന്ന അവസ്ഥ അനുവദിച്ചുകൂടെന്നു പറഞ്ഞ് യുദ്ധ കാബിനറ്റ് അംഗം കൂടിയായ ബെന്നി ബാന്റ്‌സ് ഭീഷണി മുഴക്കിയതിനു പിന്നാലെ സുരക്ഷാ മന്ത്രിയും തീവ്ര വലതുപക്ഷ നേതാവുമായ ബെൻ ഗിവിറും നെതന്യാഹുവിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. യുദ്ധ കാബിനറ്റ് പിരിച്ചുവിട്ട് അംഗങ്ങളായ ബെന്നി ഗാന്റ്‌സ്, ഗാഡി ഐസൻകോട്ട്, പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എന്നിവരെ പുറത്താക്കാന്‍ നെതന്യാഹു ധൈര്യം കാണിക്കണമെന്നാണിപ്പോൾ ബെൻ ഗിവിർ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിൽ ഗിവിറും നെതന്യാഹുവും തമ്മിൽ ഏറ്റുമുട്ടിയെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്.

ഇന്നലെ മന്ത്രിസഭാ യോഗത്തിൽ ബെൻ ഗിവിർ സംസാരിക്കുന്നതിനിടെ പ്രതിരോധ മന്ത്രി ഗാലന്റ് ഇറങ്ങിപ്പോയതാണ് ഏറ്റവും പുതിയ പ്രകോപനം. ഗാലന്റിനെ പിരിച്ചുവിടാൻ നെതന്യാഹു തയാറാകണമെന്ന് സുരക്ഷാ മന്ത്രി ആവശ്യപ്പെട്ടു. താൻ എപ്പോൾ സംസാരിക്കാൻ എണീറ്റാലും ഇറങ്ങിപ്പോകുന്നത് ഗാലന്റിന്റെ സ്ഥിരം പരിപാടിയാണെന്നും അദ്ദേഹം ആരോപിച്ചു. തുടർന്നായിരുന്നു നെതന്യാഹുവുമായി ശക്തമായ വാക്‌പോര് നടന്നതെന്ന് ഇസ്രായേൽ ചാനലായ ‘കാൻ’ റിപ്പോർട്ട് ചെയ്തു.

ഗാസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ അറുതിയില്ലാതെ തുടരുന്നതിൽ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെയാണു മന്ത്രിസഭയിലും ചേരിപ്പോര് രൂക്ഷമാകുന്നത്. മന്ത്രിസഭയ്ക്കകത്തെ തമ്മിലടി ഇപ്പോൾ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. യുദ്ധാനന്തര പദ്ധതികൾ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ബെന്നി ഗാന്റ്‌സ് നെതന്യാഹു സർക്കാരിന് അന്ത്യശാസനം പുറത്തിറക്കിയതാണ് അടുത്തിടെയുണ്ടായ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയനീക്കം. ഇല്ലെങ്കിൽ സർക്കാർ വിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പിന്നാലെ സമാനമായ ആവശ്യങ്ങളുമായി ഗാലന്റും രംഗത്തെത്തി. ഏറ്റവുമൊടുവിലാണു മന്ത്രിസഭാ യോഗത്തിലെ നാടകീയരംഗങ്ങളുണ്ടാകുന്നത്.

നെതന്യാഹുവിനും യുദ്ധത്തിന് നേതൃത്വം നൽകുന്ന ഭരണകൂടത്തിനുമെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഇന്നലെ യുദ്ധ കാബിനറ്റ് അംഗം ബെന്നി ഗാന്റ്‌സ് നടത്തിയത്. ഇസ്രായേൽ സൈനികർ അസാമാന്യമായ ധീരത കാണിക്കുമ്പോൾ അവരെ യുദ്ധമുഖത്തേക്ക് അയച്ച ചിലർ ഇവിടെ ഭീരുക്കളെ പോലെയാണു പെരുമാറുന്നതെന്നായിരുന്നു നെതന്യാഹുവിനെ ലക്ഷ്യമിട്ട് അദ്ദേഹം കടന്നാക്രമിച്ചത്. യുദ്ധം അവസാനിപ്പിച്ച് തുടർനടപടികളിലേക്കു കടക്കാൻ വേണ്ട ഉത്തരവാദിത്തം സർക്കാർ കാണിക്കുന്നില്ലെന്നും ഗാന്റ്‌സ് ആക്ഷേപിച്ചു. ജൂൺ എട്ടിനകം യുദ്ധാനന്തര പദ്ധതികൾ പ്രഖ്യാപിച്ചില്ലെങ്കിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള നാഷനൽ യൂനിറ്റി പാർട്ടി മുന്നണി വിടുമെന്നു മുന്നറിയിപ്പും മുഴക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *