യുക്രൈൻ-റഷ്യ യുദ്ധം; ‘ട്രംപ് വിചാരിച്ചാൽ യുദ്ധം നിർത്താം, അത് അദ്ദേഹത്തിന് മാത്രമേ സാധിക്കൂ’: യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി

യുക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിൽ ഡൊണാൾഡ് ട്രംപിന്റെ പങ്ക് ഊന്നിപ്പറഞ്ഞ് യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി. യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിൽ സഹായിക്കാനുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ ശേഷിയിൽ സെലെൻസ്‌കി ശക്തമായ ആത്മവിശ്വാസമാണ് പ്രകടിപ്പിച്ചത്. മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിൽ സംസാരിക്കവെയാണ് സെലെൻസ്‌കി രണ്ടാംവട്ടവും അധികാരത്തിൽ എത്തിയ ട്രംപിനെ പുകഴ്ത്തിയത്.

സംഘർഷം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനെ സമ്മർദ്ദത്തിലാക്കാൻ കഴിയുന്ന “ശക്തനായ മനുഷ്യൻ” എന്നാണ് ട്രംപിനെ അദ്ദേഹം വിശേഷിപ്പിച്ചത്. “അദ്ദേഹം ഞങ്ങളുടെ ഭാഗത്ത് നിൽക്കുകയും മധ്യത്തിൽ തുടരാതിരിക്കുകയും ചെയ്‌താൽ, യുദ്ധം നിർത്താൻ പുടിനെ പ്രേരിപ്പിക്കാൻ അദ്ദേഹത്തിന് കഴിയും. അദ്ദേഹത്തിനേ അത് ചെയ്യാൻ കഴിയൂ” സെലെൻസ്‌കിയെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്‌തു.

സമാധാന ചർച്ചകൾ ആരംഭിക്കുന്നതിനെക്കുറിച്ച് സെലൻസ്‌കിയുമായും പുടിനുമായും സംസാരിച്ചതായി ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഈ പരാമർശം എന്നതും ശ്രദ്ധേയമായ കാര്യമാണ്. മോസ്കോ സന്ദർശിക്കാൻ തന്നെ പുടിൻ ക്ഷണിച്ചിരുന്നതായും ട്രംപ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

യുക്രൈൻ-റഷ്യ യുദ്ധത്തിൽ പ്രധാന മീഡിയേറ്ററായി പ്രവർത്തിക്കുന്നത് യുഎസ് തന്നെയാണ് എന്ന കാര്യം അടിവരയിടുന്നതാണ് സെലൻസ്‌കിയുടെ പുതിയ പ്രസ്‌താവന. മാത്രമല്ല അധികാരം ഏറ്റെടുത്ത ശേഷം ട്രംപ് ഭരണകൂടത്തിന്റെ പ്രഥമ പരിഗണനകളിൽ ഒന്ന് യുക്രൈൻ യുദ്ധത്തിന് പരിഹാരം കാണലാണെന്ന് നേരത്തെ തന്നെ ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.

അതിനെ ശരിവയ്ക്കുന്നതാണ് പുതിയ സംഭവ വികാസങ്ങൾ. അതേസമയം, മ്യൂണിക്ക് കോൺഫറൻസിൽ വച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസുമായി സെലൻസ്‌കി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ശേഷം മാധ്യമങ്ങളെ കണ്ട അദ്ദേഹം പുടിനുമായുള്ള ചർച്ചകൾക്ക് മുൻപ് കൃത്യമായ പദ്ധതികൾ തയ്യാറാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.

അതിനിടെ പുടിനും ട്രംപും ഏകദേശം ഒന്നര മണിക്കൂറോളം ടെലിഫോണിൽ സംസാരിച്ചിരുന്നുവെന്നാണ് റിപ്പോട്ടുകൾ പറയുന്നത്. ഈ സംഭാഷണത്തിനിടെ ഇരു നേതാക്കളും കൂടിക്കാഴ്‌ചയ്ക്ക് സമ്മതിച്ചുവെന്നുമാണ് ക്രെംലിൻ പറയുന്നത്. ജോ ബൈഡൻ പ്രസിഡന്റായ സമയത്തിൽ നിന്ന് വ്യത്യസ്‌തമായി റഷ്യയുമായി നേരിട്ടുള്ള ഇടപെടലുകൾക്ക് തന്നെയാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നതെന്നാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

യുദ്ധം മൂന്നാം വർഷത്തിലേക്ക് അടുക്കുമ്പോൾ, മേഖലയിൽ സമാധാനത്തിനായുള്ള ട്രംപിന്റെ തന്ത്രം ഇപ്പോഴും അവ്യക്തമാണ്. എങ്കിലും ഇരുപക്ഷവും വിട്ടുവീഴ്‌ച ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ യുക്രൈന് തങ്ങളുടെ കുറച്ച് പ്രദേശം വിട്ടുകൊടുക്കേണ്ടിവരുമെന്ന് ട്രംപ് സൂചന നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *