മൂന്നാം ലോക മഹായുദ്ധം ഉണ്ടായാൽ യൂറോപ്പിൽ ഒതുങ്ങില്ല ; അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി റഷ്യ

മൂന്നാം ലോകമഹായുദ്ധമുണ്ടായാൽ യൂറോപ്പിലൊതുങ്ങില്ലെന്ന് അമേരിക്കയ്ക്ക് റഷ്യയുടെ മുന്നറിയിപ്പ്. യുക്രൈന്‍റെ കുർസ്ക് അധിനിവേശവുമായി ബന്ധപ്പെട്ടാണ് പ്രതികരണം. അധിനിവേശത്തിന് പാശ്ചാത്യ രാജ്യങ്ങൾ നൽകുന്ന പിന്തുണ തീക്കളിയാണെന്ന് വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് മുന്നറിയിപ്പ് നൽകി. പാശ്ചാത്യ മിസൈലുകൾ ഉപയോഗിച്ച് റഷ്യയിലേക്ക് യുക്രൈൻ കടന്നു കയറുന്നതിനെ കുറിച്ചാണ് റഷ്യയുടെ പ്രതികരണം.

ആഗസ്റ്റ് 6 നാണ് റഷ്യയുടെ പടിഞ്ഞാറൻ കുർസ്ക് മേഖലയിലേക്ക് യുക്രൈൻ കടന്നു കയറിയത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം റഷ്യയിൽ നടന്ന ഏറ്റവും വലിയ വിദേശ ആക്രമണണമാണിത്. തക്കതായ പ്രതികരണം റഷ്യയുടെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നാണ് പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ മുന്നറിയിപ്പ് നൽകിയത്. യുക്രൈന് ആയുധങ്ങൾ നൽകിക്കൊണ്ട് പാശ്ചാത്യ രാജ്യങ്ങൾ കുഴപ്പങ്ങൾ ചോദിച്ചു വാങ്ങുകയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പ്രതികരിച്ചു.

2022ൽ യുക്രൈനിൽ ആക്രമണം തുടങ്ങിയതു മുതൽ ആണവ ശക്തികൾ ഉള്‍പ്പെടുന്ന വിശാലമായ യുദ്ധത്തിന്‍റെ അപകട സാധ്യതയെ കുറിച്ച് റഷ്യ പറയുന്നുണ്ട്. യുഎസ് നേതൃത്വത്തിലുള്ള നാറ്റോ സഖ്യവുമായി പ്രശ്നത്തിനില്ലെന്നും റഷ്യ വ്യക്തമാക്കിയിരുന്നു. എന്നാൽ യുക്രൈന്‍റെ റഷ്യയിലേക്കുള്ള കടന്നുകയറ്റത്തിന്‍റെ പശ്ചാത്തലത്തിൽ, മൂന്നാം ലോക മഹായുദ്ധമുണ്ടായാൽ അത് യൂറോപ്പിൽ മാത്രം ഒതുങ്ങി നിൽക്കില്ലെന്ന് മുന്നറിയിപ്പ് നൽകുകയാണ് റഷ്യ. റഷ്യയുടെ 2020 ലെ ആണവ നയം പറയുന്നത് രാജ്യത്തിന്‍റെ നിലനിൽപ്പ് ഭീഷണിയായാൽ ആണവായുധം ഉപയോഗിക്കും എന്നാണ്.

ബ്രിട്ടീഷ് ടാങ്കുകളും യുഎസ് റോക്കറ്റ് സംവിധാനങ്ങളും ഉൾപ്പെടെയുള്ള പാശ്ചാത്യ ആയുധങ്ങൾ യുക്രൈൻ കുർസ്കിൽ ഉപയോഗിച്ചതായി റഷ്യ ആരോപിച്ചു. കുർസ്കിലെ പാലങ്ങൾ തകർക്കാൻ അമേരിക്കയുടെ മിസൈലുകൾ ഉപയോഗിച്ചതായി യുക്രൈൻ തന്നെ സമ്മതിച്ചതായും റഷ്യ ആരോപിച്ചു. എന്നാൽ യുക്രൈന്‍റെ കുർസ്ക് പദ്ധതികളെ കുറിച്ച് അറിവില്ലായിരുന്നുവെന്നും ഈ ഓപ്പറേഷനിൽ തങ്ങൾ പങ്കെടുത്തിട്ടില്ലെന്നുമാണ് അമേരിക്കയുടെ വിശദീകരണം. 

Leave a Reply

Your email address will not be published. Required fields are marked *