ബംഗ്ലാദേശിന്റെ ഇടക്കാല സർക്കാർ മേധാവിയായ മുഹമ്മദ് യൂനുസ് ക്രിമിനൽ തലവനാണെന്ന് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന. 2024ലെ പ്രക്ഷോഭ സമയത്ത് 450 പോലീസ് സ്റ്റേഷനുകൾക്ക് അദ്ദേഹവും അനുയായികളും തീയിട്ടതായും ശൈഖ് ഹസീന ആരോപിച്ചു. നിലവിൽ ഇന്ത്യയിൽ പ്രവാസിയായി കഴിയുന്ന ശൈഖ് ഹസീന കലാപ സമയത്ത് കൊല്ലപ്പെട്ട നാലു പോലീസുകാരുടെ വിധവകളുമായി സൂമിൽ സംസാരിക്കുമ്പോഴായിരുന്നു മുഹമ്മദ് യൂനുസിനെ ക്രിമിനൽ തലവനെന്നു വിശേഷിപ്പിച്ചത്.
പോലീസുകാരുടെ നഷ്ടത്തിൽ അനുശോചിച്ച ശൈഖ് ഹസീന താൻ തിരിച്ചെത്തിയാൽ കുടുംബത്തിന് നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുകയും ചെയ്തു. തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള അദ്ദേഹത്തിന്റെ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഈ കൊലപാതകങ്ങൾ. തിരിച്ചെത്തി പൊലീസുകാരുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്നും പറഞ്ഞു. മുഹമ്മദ് യൂനുസ് രാജ്യത്ത് തീവ്രവാദികളെ അഴിച്ചുവിടുകയും അധർമം വളർത്തുകയും ചെയ്യുന്നുവെന്നും ശെഖ് ഹസീന പറഞ്ഞു.