മുഖത്തെ അസ്ഥികള്‍ തകര്‍ന്നു; കാഴ്ച നഷ്ടമായി: യുഎസില്‍ ഇന്ത്യന്‍ വംശജയായ നഴ്‌സിന് നേരെ രോ​ഗിയുടെ ക്രൂരമായ ആക്രമണം

അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ഇന്ത്യന്‍ വംശജയായ നഴ്‌സിന് നേരെ ക്രൂര ആക്രമണം. ലീല ലാല്‍ (67) എന്ന നഴ്‌സാണ് മനോവിഭ്രാന്തിയുള്ള രോഗിയുടെ ആക്രമണത്തിന് ഇരയായത്. പാംസ് വെസ്റ്റ് ആശുപത്രിയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. സ്റ്റീഫന്‍ സ്‌കാന്റില്‍ബറിയെന്ന 33കാരനാണ് ആക്രമിച്ചത്. ഇയാള്‍ക്കെതിരെ മനപൂര്‍വമുള്ള കൊലപാതക ശ്രമത്തിന് കേസെടുത്തു.


കടുത്ത മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സ്റ്റീഫന്‍. ചൊവ്വാഴ്ച യാതൊരു പ്രകോപനവുമില്ലാതെ ഇയാള്‍ ലീലയെ ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ ലീലയെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ ഹെലികോപ്റ്റര്‍ മാര്‍ഗം എത്തിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ലീലയുടെ മുഖത്തെ അസ്ഥികള്‍ തകര്‍ന്നതായി വ്യക്തമായി. രണ്ട് കണ്ണിന്റെയും കാഴ്ചശക്തി പൂര്‍ണമായും നഷ്ടപ്പെട്ടു.


രോഗിയുടെ ആക്രമണത്തില്‍ അമ്മയുടെ മുഖം മുഴുവനായും തകര്‍ന്നുവെന്ന് മകള്‍ സിന്‍ഡി പറഞ്ഞു. അമ്മയെ കണ്ടിട്ട് തനിക്ക് പോലും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. രണ്ട് കണ്ണുകളും വീര്‍ത്താണിരിക്കുന്നതെന്നും തലച്ചോറില്‍ രക്തസ്രാവമുണ്ടെന്നും മകള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *