ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഭീകരാക്രമണ കേസിലെ പ്രധാന പ്രതി തഹാവൂർ റാണ സമർപ്പിച്ച അടിയന്തര അപേക്ഷ യുഎസ് സുപ്രീംകോടതി തള്ളി. റാണയെ ഇന്ത്യയ്ക്കു കൈമാറാൻ യുഎസ് കോടതി നേരത്തേ ഉത്തരവിട്ട പശ്ചാത്തലത്തിൽ രക്ഷപ്പെടാനുള്ള അവസാന വഴിയായിരുന്നു ഈ അപേക്ഷ.
ഇതോടെ ഇന്ത്യയും യുഎസും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം റാണയെ കൈമാറുമെന്ന കാര്യം ഉറപ്പായി. റാണയെ കൈമാറണം എന്നത് കുറേക്കാലമായുള്ള ഇന്ത്യയുടെ ആവശ്യമാണ്. മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് യുഎസിലെ ജയിലിൽ കഴിയുകയാണ് റാണ.
പാക്കിസ്ഥാൻ വംശജനും കനേഡിയൻ പൗരനുമായ തഹാവൂർ റാണ, തന്നെ ഇന്ത്യയ്ക്ക് കൈമാറുന്നതിൽ ആശങ്ക പ്രകടിപ്പിച്ചാണ് അപേക്ഷ സമർപ്പിച്ചത്. തന്റെ ദേശീയ, മത, സാംസ്കാരിക വ്യക്തിത്വം എന്നിവയുടെ പേരിൽ ഇന്ത്യയിൽ പീഡിപ്പിക്കപ്പെടാനും കൊലചെയ്യപ്പെടാനും സാധ്യതയുണ്ടെന്നു റാണ അപേക്ഷയിൽ പറഞ്ഞിരുന്നു. പാക്ക് വംശജനും മുൻ സൈനികനുമായതിനാൽ ഇന്ത്യയിൽ പീഡിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നു റാണയ്ക്ക് വേണ്ടി ഹാജരായ നിയമസംഘം കോടതിയെ അറിയിച്ചു.