മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ ഇന്ന് ഇന്ത്യയിലെത്തിക്കും. അമേരിക്കയിൽ നിന്നുള്ള പ്രത്യേക വിമാനം ഉച്ചയോടു കൂടി ഡൽഹിയിൽ എത്തുമെന്നാണ് സൂചന. ഇന്ത്യയിൽ എത്തിക്കുന്ന റാണയെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്യും. തുടർന്ന് ഡൽഹി കോടതിയിൽ ഹാജരാക്കിയതിനുശേഷമാകും മുംബൈയിലേക്ക് എത്തിക്കുക. ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള തഹാവൂര്‍ റാണയുടെ അപ്പീൽ അമേരിക്കൻ സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് ഇന്ത്യയ്ക്ക് കൈമാറിയത്. 2008ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 13 വർഷത്തെ ജയിൽവാസത്തിനു ശേഷമാണ് ഇയാളെ ഇന്ത്യയ്ക്ക് കൈമാറിയത്.
പാകിസ്താനി-കനേഡിയൻ പൗരനാണ് തഹാവൂർ റാണ. തന്നെ ഇന്ത്യക്ക് കൈമാറരുതെന്നാവശ്യപ്പെട്ട് റാണ വിവിധ ഫെഡറൽ കോടതികളിൽ നൽകിയ അപ്പീലുകൾ തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഒടുവിൽ സുപ്രിംകോടതിയും ഇയാളെ ഇന്ത്യയ്ക്ക് കൈമാറാനുള്ള തീരുമാനം ശരിവക്കുകയായിരുന്നു.
നിലവിൽ ഇദ്ദേഹം ലോസ് ഏഞ്ചൽസിൽ തടവിൽ കഴിയുകയാണ്. പാകിസ്ഥാൻ ആർമിയിലെ മുൻ ഡോക്ടറായ റാണ 1990-കളിൽ കാനഡയിലേക്ക് താമസം മാറുകയും അവിടെ അദ്ദേഹം പൗരത്വം സ്വീകരിക്കുകയും ചെയ്തു. പിന്നീട് അമേരിക്കയിലേക്ക് താമസം മാറി. തുടർന്ന് ചിക്കാഗോയിൽ ഫസ്റ്റ് വേൾഡ് ഇമിഗ്രേഷൻ സർവീസസ് എന്ന ഇമിഗ്രേഷൻ കൺസൾട്ടൻസി ആരംഭിച്ചു.
ഇവിടെ വെച്ചാണ് മുംബൈ ഭീകരാക്രമണത്തിൽ ലഷ്കറെ ത്വയ്യിബക്ക് വേണ്ടി പ്രവർത്തിച്ച ഡേവിഡ് ഹെഡ്‍ലിയെ പരിചയപ്പെടുന്നത്. കേസിൽ ഇയാളും അമേരിക്കയിൽ അറസ്റ്റിലായിട്ടുണ്ട്. ഇമിഗ്രേഷൻ കൺസൾട്ടൻസിയുടെ മറവിൽ ഹെഡ്‍ലിക്ക് വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് റാണക്കെതിരായ ആരോപണം. ഹെഡ്‍ലിയെ സഹായിച്ചതിന് 2009ണ് റാണയെ യുഎസ് അധികൃതർ അറസ്റ്റ് ചെയ്യുന്നത്.