ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം ഭ്രമണപഥത്തിൽ

അഭിമാനം വാനോളമുയര്‍ത്തി ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം ഭ്രമണപഥത്തിലെത്തി. മനുഷ്യനെയും വഹിച്ചുകൊണ്ടുള്ള പേടകം ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാണ് വിജയകരമായി വിക്ഷേപിച്ചത്. ഇന്നലെ വിക്ഷേപിച്ച പേടകം 27 മണിക്കൂറുകള്‍ കൊണ്ട് ബഹിരാകാശ നിലയത്തിലെത്തി നിലയവുമായി വിജയകരമായി സന്ധിച്ചു. നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറുമാണ് ദൗത്യത്തിലുള്ള യാത്രക്കാര്‍. 58കാരിയായ സുനിത വില്യംസിന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണിത്.

ഇന്നലെ രാത്രി 8 22 നായിരുന്നു പേടകം വിക്ഷേപണം ചെയ്തത്. സാങ്കേതിക തടസങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് രണ്ട് തവണ മാറ്റിവച്ച ദൗത്യം മൂന്നാം ഊഴത്തിലാണ് വിജയകരമായി പൂര്‍ത്തിയായത്. മുന്‍പ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര തുടരുന്നതിനിടെ പേടകത്തില്‍ ഹീലിയം ചോര്‍ച്ചയുണ്ടായിരുന്നു. പ്രശ്‌നം പരിഹരിച്ചതായി നാസ അറിയിക്കുകയും ചെയ്തു. വിക്ഷേപണത്തിനായി ആദ്യം ഷെഡ്യൂള്‍ ചെയ്തിരുന്ന ദൗത്യം പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തിലെ പ്രശ്നങ്ങളും ഹീലിയം ചോര്‍ച്ച പരിഹരിക്കുന്നതും മൂലമാണ് വൈകിയത്.

നാസയുടെ കൊമേഴ്സ്യല്‍ ക്രൂ പ്രോഗ്രാമിന് കീഴില്‍ വികസിപ്പിച്ചെടുത്ത ബഹിരാകാശ പേടകമാണ് ബോയിംഗ് സിഎസ്ടി-100 സ്റ്റാര്‍ലൈനര്‍. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കും മറ്റ് ലോ എര്‍ത്ത് ഓര്‍ബിറ്റ് ലക്ഷ്യസ്ഥാനങ്ങളിലേക്കും സുരക്ഷിതമായും ചെലവ് കുറഞ്ഞതുമായും എത്തുന്നത് ലക്ഷ്യമിട്ടുള്ളതാണ് ബോയിങ് സിഎസ്ടി 100 സ്റ്റാര്‍ലൈനര്‍ ദൗത്യം.

Leave a Reply

Your email address will not be published. Required fields are marked *