പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മാലിദ്വീപ് മന്ത്രിയുടെ പരാമർശം; മന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമെന്ന് മാലിദ്വീപ് സർക്കാർ

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ മന്ത്രി മറിയം ഷിവൂനയുടെ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് മാലദ്വീപ് സർക്കാർ. അഭിപ്രായങ്ങൾ വ്യക്തിപരമാണെന്നും അത് സർക്കാ​രിന്റെ നയമല്ലെന്നുമായിരുന്നു മാലദ്വീപ് സർക്കാരിന്റെ പ്രതികരണം.

“മാലദ്വീപും അന്താരാഷ്ട്ര പങ്കാളികളും തമ്മിലുള്ള അടുത്ത ബന്ധത്തെ തടസ്സപ്പെടുത്താതെയും ജനാധിപത്യമായ ഉത്തരവാദിത്തങ്ങളെ ഹനിക്കാതെയുമായിരിക്കണം ആവിഷ്‍കാര സ്വാതന്ത്ര്യം വിനിയോഗിക്കേണ്ടതെന്നാണ് സർക്കാർ വിശ്വസിക്കുന്നത്. ഇത്തരം അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ മടിക്കില്ല”. -എന്നും മാലദ്വീപ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

മാലദ്വീപ് മന്ത്രിയുടെ അധിക്ഷേപ പരാമർശത്തിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മാലദ്വീപ് യുവജനകാര്യ മന്ത്രാലയ മന്ത്രിയാണ് മോദിക്കെതിരെ അധിക്ഷേപം നടത്തിയത്. ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ ഇസ്രായേലിന്റെ കളിപ്പാവയെന്നാണ് മറിയം മോദിയെ വിശേഷിപ്പിച്ചത്. ”എന്തൊരു കോമാളിയാണിയാൾ. ഇസ്രായേലിന്റെ കളിപ്പാവയായ നരേന്ദ്ര ഡൈവർ ലൈഫ് ജാക്കറ്റ് ധരിച്ച് നിൽക്കുന്നു. എന്നാണ് വിസിറ്റ് മാലദ്വീപ് എന്ന ഹാഷ്ടാഗോടെ മന്ത്രി എക്സിൽ പോസ്റ്റ് ചെയ്തത്. പരാമർശം വിവാദമായതിന് പിന്നാലെ പോസ്റ്റ് മന്ത്രി നീക്കിയിരുന്നു.

മറിയം ഷിവുനയെ കൂടാതെ മറ്റൊരു മന്ത്രിയായ ഷാഹിദ് റമീസും മോദിയെ പരിഹസിച്ച് രംഗത്തുവന്നിരുന്നു. മോദിയുടെ സന്ദർശനം മാലദ്വീപ് ടൂറിസത്തിന് വലിയ തിരിച്ചടിയാണെന്നും ലക്ഷദ്വീപിന്റെ ടൂറിസം വികസിക്കുമെന്നുമായിരുന്നു മന്ത്രിയുടെ പരിഹാസം. എന്നാൽ നീക്കം ഗംഭീരമാണ്. എന്നാൽ ഞങ്ങളോട് മത്സരിക്കുക വിഷമം പിടിച്ച ഒന്നാണ്. ഞങ്ങൾ വാഗ്ദാനം ചെയ്യുന്ന സേവനം അവർക്ക് നൽകാൻ കഴിയില്ല. അവർക്ക് വൃത്തിയായി ഒന്നും സൂക്ഷിക്കാൻ കഴിയില്ല. മുറികളിൽ എന്നും ഒരേ മണമാണ് എന്നതാണ് ഏറ്റവും വലിയ തിരിച്ചടി.-എന്നും മന്ത്രി കുറിച്ചു. ഇതിനെതിരെ ​ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര, സമൂഹ മാധ്യമ ഇൻഫ്ലുവൻസർ സോനം മഹാജൻ എന്നിവരടക്കം പ്രതിഷേധിച്ചു. സമൂഹ മാധ്യമങ്ങളിൽ മാലദ്വീപിനെ ബഹിഷ്‍കരിക്കാൻ വലിയ തോതിൽ ആഹ്വാനവുമുയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *