അന്താരാഷ്ട്ര അതിർത്തിയിൽ പാകിസ്ഥാൻ സൈനികർ പല പോസ്റ്റുകളിൽ നിന്ന് പിന്മാറിയതായി റിപ്പോർട്ടുകൾ. പാക് മേഖലയിലെ പല പോസ്റ്റുകളിലും
സുരക്ഷാ ഉദ്യോഗസ്ഥർ ഇല്ലെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്, പാക് ദേശീയ പതാകകളും മാറ്റിയതായും റിപ്പോർട്ട് ഉണ്ട്.
ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിച്ചാണ് ഈ നീക്കം എന്നാണ് വിലയിരുത്തൽ. ജമ്മു കശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനു ശേഷമുള്ള സാഹചര്യം പരിഗണിച്ചാണ് പാകിസ്ഥാൻ ഈ മുന്നൊരുക്കം എടുത്തത്.
ഇന്ത്യ-പാക് അതിർത്തിയിൽ സംഘർഷം കനക്കുന്നതിനിടെ എക്സ് പോസ്റ്റുമായി ഇന്ത്യൻ നാവികസേന രംഗത്തെത്തിയിരുന്നു. ‘ഒരു ദൗത്യവും അകലെയല്ല, പിടിച്ചെടുക്കാനാവാത്ത വിശാലത ഒരു കടലിനുമില്ല’ എന്നാണ് കുറിപ്പ്. എപ്പോഴും ദൗത്യത്തിന് സജ്ജമെന്ന് വ്യക്തമാക്കി നേരത്തെയും നാവികസേന കുറിപ്പ് പങ്കുവെച്ചിരുന്നു.