പാക്കിസ്ഥാൻ തെരഞ്ഞെടുപ്പിൽ മാറ്റത്തിന്റെ കാറ്റാകാൻ ഡോ.സവീര പ്രകാശ്; വോട്ടെടുപ്പ് നാളെ

പാകിസ്ഥാനിൽ രാഷ്ട്രീയ രം​ഗത്തെ മാറ്റത്തിന് ചുക്കാൻ പിടിക്കാനാകുമെന്ന പ്രതീക്ഷയിൽ ഡോ. സവീര പ്രകാശ്. ഇത്തവണ പൊതു തെരഞ്ഞെടുപ്പിൽ മത്സരിച്ച് പാക് ജനതയുടെ ഹൃദയം കവരാനാണ് ഡോക്ടറും ന്യൂനപക്ഷ വിഭാ​ഗക്കാരിയുമായ സവീരയുടെ ശ്രമം. പാകിസ്ഥാനിൽ തെര‍ഞ്ഞെടുപ്പിൽ പൊതുവെ സ്ത്രീകൾ മത്സരിക്കുന്നത് കുറവാണ്. പികെ-25 മണ്ഡലത്തിൽ നിന്നാണ് പ്രവിശ്യാ അസംബ്ലി സീറ്റിലേക്ക് മത്സരിച്ച് പാകിസ്ഥാനിലെ ഖൈബർ പഖ്‌തൂ‌ൺഖ്വ പ്രവിശ്യയിൽ ചരിത്രം സൃഷ്ടിക്കാൻ സവീര പ്രകാശ് തയ്യാറെടുക്കുന്നത്. ന്യൂനപക്ഷങ്ങൾക്കോ ​​സ്ത്രീകൾക്കോ ​​ഉള്ള സംവരണ സീറ്റിന് പകരം ജനറൽ സീറ്റിലാണ് സവീര മത്സരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. നാളെയാണ് പാക്കിസ്ഥാനിൽ വോട്ടെടുപ്പ്.

പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) അംഗമായ സവീര  2022 ൽ അബോട്ടാബാദ് ഇന്റർനാഷണൽ മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് ബിരുദം നേടി. സെൻട്രൽ സുപ്പീരിയർ സർവീസസ് പരീക്ഷകളിൽ പങ്കെടുക്കാനും സവീര പദ്ധതിയിടുന്നു. പ്രദേശത്തെ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ ഡോ. ഓം പ്രകാശാണ് സവീരയുടെ അച്ഛൻ. തന്റെ മകളെ രാഷ്ട്രീയ ലോകത്തേക്ക് കൊണ്ടുവരാൻ പിപിപി ആ​ഗ്രഹിച്ചെന്നും പാകിസ്ഥാനിലെ പൊതുജീവിതത്തിൽ പെൺകുട്ടികളുടെ സാന്നിധ്യം വളരെ കുറവാണെന്ന് തോന്നിയിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ മത്സരിക്കാനുള്ള മകളുടെ തീരുമാനത്തെ സ്വാ​ഗതം ചെയ്യുന്നുവെന്നും ഓംപ്രകാശ് പറഞ്ഞു.

ബ്യൂണറിലെ സ്ത്രീകളിൽ 29 ശതമാനം മാത്രമാണ് വിദ്യാഭ്യാസമുള്ളത്. അതേസമയം സ്ത്രീകളുടെ രാജ്യത്തെ ശരാശി സാക്ഷരതാ നിരക്ക് 46 ശതമാനമാണ്. ഷ്തൂൺ സംസ്കാരത്തിൽ സ്ത്രീകൾക്ക് മുന്നിൽ നിരവധി പരിമിതികളുണ്ട്. വിവേചനം ഇല്ലാതാക്കാൻ തന്റെ മത്സരം സാധിക്കുമെങ്കിൽ നല്ലത്. പിന്തുണ ലഭിക്കാത്തതാണ് സ്ത്രീകൾ പൊതുരം​ഗത്തേക്ക് വരാൻ മടിക്കുന്നതിന്റെ കാരണം – സവീര പറഞ്ഞു.

പുരുഷന്മാർക്ക് തെരഞ്ഞെടുപ്പ് രംഗത്ത് പ്രവേശിക്കാൻ എളുപ്പമാണ്. അതേസമയം സ്ത്രീകൾക്ക് പൊതു പിന്തുണ നേടുന്നത് ബുദ്ധിമുട്ടാണ്. ഈ മേഖലയിൽ നിന്ന് മത്സരത്തിനിറങ്ങുന്ന ആദ്യത്തെ സ്ത്രീയാണ് ഞാൻ. എനിക്ക് ഒരു മാതൃക സൃഷ്ടിക്കാനും മറ്റ് സ്ത്രീകളെ പ്രചോദിപ്പിക്കാനും കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ജനറൽ സീറ്റിലേക്ക് മത്സരിക്കുന്നതിലൂടെ സമൂഹത്തിന്റെ പ്രാതിനിധ്യം വർധിക്കും. എന്റെ സമുദായത്തിൽ നിന്നുള്ള മറ്റുള്ളവർ സംവരണ സീറ്റുകളിലേക്ക് മത്സരിക്കുന്നു. തന്റെ പങ്കാളിത്തം അവരുടെ പ്രാതിനിധ്യം വർധിപ്പിക്കുമെന്നും സവീര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *