പകരച്ചുങ്കം മരവിപ്പിച്ചു; ചൈന ഒഴികെയുള്ള രാജ്യങ്ങളുടെ തീരുവ 10 ശതമാനമായി കുറച്ചു

വിവിധ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ പകരച്ചുങ്കം മരവിപ്പിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ചൈന ഒഴികെയുള്ള രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ തീരുവ 10 ശതമാനമായി കുറച്ചു. 90 ദിവസത്തേക്കാണ് തീരുമാനം. ചൈനയ്ക്ക് 125 ശതമാനം അധിക തീരുവ ഏർപ്പെടുത്തി. ചൈന 84 ശതമാനം തീരുവ ഏർപ്പെടുത്തിയതിന് പിന്നാലൊണ് നടപടി. മൂന്നാം തവണയാണ് ചൈനയ്ക്കുമേൽ അമേരിക്ക അധിക തീരുവ ഏർപ്പെടുത്തുന്നത്. ട്രംപ് മറുചുങ്കം മരവിപ്പിച്ചതോടെ യു എസ് ഓഹരി വിപണിക്ക് നേട്ടമുണ്ടായി. പല കമ്പനികളുടെയും വിപണിമൂല്യം ഉയർന്നു.

നേരത്തെ ചൈനക്ക് 104 ശതമാനം അധികതീരുവയാണ് ഏർപ്പെടുത്തിയിരുന്നത്. കഴിഞ്ഞയാഴ്ച യുഎസ് പ്രഖ്യാപിച്ച 34 ശതമാനം തീരുവകൾക്കെതിരെ ചൈന പ്രതികാര നടപടികൾ എടുത്തതിനെ തുടർന്നാണ് 104 ശതമാനത്തിലേക്ക് ഉയർത്തിയത്. അമേരിക്കയുടെ പുരോഗതിക്ക് തന്‍റെ തീരുവ പ്രഖ്യാപനം മുതൽക്കൂട്ടാണെന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം.

ഡിസ്കൗണ്ട് തീരുവ എന്നു പറഞ്ഞായിരുന്നു ഇന്ത്യക്ക് മേലുള്ള നികുതി പ്രഖ്യാപിച്ചത്. അതേസമയം, തീരുമാനം ആഗോളവ്യാപാര യുദ്ധത്തിന് കൂടുതൽ ആക്കം കൂട്ടുന്നതാണ്. പകരച്ചുങ്കം പ്രഖ്യാപിച്ചതില്‍ ഇന്ത്യയടക്കം ആശങ്കയിലാണ്. പകരച്ചുങ്കം പ്രഖ്യാപിച്ചതിന് പിന്നാലെ ഓഹരികളിലും വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്.അമേരിക്കൻ ഉത്പന്നങ്ങൾക്ക് ശരാശരി 9.5 ശതമാനം തീരുവയാണ് ഇന്ത്യ ഈടാക്കുന്നത്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ ശരാശരി മൂന്ന് ശതമാനമാണ് തീരുവ.

2021-22 വർഷം മുതൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് അമേരിക്ക. ഇന്ത്യയുടെ മൊത്തം കയറ്റു മതിയിൽ 18 ശതമാനം അമേരിക്കയിലേക്കാണ്. മൊത്തം ഇറക്കുമതിയിൽ 6.22 ശതമാനം മാത്രമാണ് അവിടെ നിന്നുള്ളത്.

കഴിഞ്ഞ ദിവസവും പകര തീരുവ പ്രഖ്യാപനം അമേരിക്കൻ വിപണിക്ക് വൻതിരിച്ചടിയായിരുന്നു. ട്രംപിന്‍റെ തീരുവ യുദ്ധ പ്രഖ്യാപനത്തെ തുടർന്ന് അമേരിക്കൻ ഓഹരി വിപണിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഡൗ ജോൺസ്‌ സൂചിക 1200 പോയിന്‍റ് താഴേക്ക് പതിച്ചു. നാസ്ഡാക്. എസ് ആൻഡ് പി 500 സൂചികകൾക്ക് നാലര ശതമാനത്തിന്‍റെ ഇടിവും രേഖപ്പെടുത്തി. ആപ്പിളിന്‍റെ വിപണി മൂല്യത്തിലും വൻ ഇടിവ് രേഖപ്പെടുത്തി. കോവിഡിന് ശേഷം കഴിഞ്ഞ അഞ്ചു വർഷത്തെ ഏറ്റവും വലിയ പതനമായിരുന്നു ഇത്.

Leave a Reply

Your email address will not be published. Required fields are marked *