തിരിച്ചറിയിൽ രേഖ കരുതുക’: പാക്കിസ്ഥാനിലുള്ള യുഎസ് പൗരന്മാർക്ക് മുന്നറിയിപ്പ്

ഡിസംബർ 16 വരെ പെഷവാറിലെ സെറീന ഹോട്ടലും പെഷവാർ ഗോൾഫ് ക്ലബ് ഉൾപ്പെടെയുള്ള പരിസര പ്രദേശങ്ങളും സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് പാക്കിസ്ഥാനിലുള്ള യുഎസ് പൗരന്മാർക്ക് യുഎസ് സുരക്ഷാ മിഷന്റെ മുന്നറിയിപ്പ്. നിരന്തരമായി ഭീകരവാദികളുടെ ഭീഷണികൾ കാരണം ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ യാത്ര ചെയ്യരുതെന്നും ഈ മേഖലയിലേക്കുള്ള യാത്രാ പദ്ധതികൾ പുനഃപരിശോധിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി.

സുന്നി-ഷിയാ വിഭാഗങ്ങൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ കുറഞ്ഞത് 10 പേർ കൊല്ലപ്പെടുകയും 21 പേർക്ക് പരുക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ അഫ്ഗാനിസ്ഥാൻ അതിർത്തിയായ കുറം ജില്ലയിൽ ചൊവാഴ്ചയാണ് ഏറ്റവും ഒടുവിലത്തെ ആക്രമണം നടന്നത്. 

യുഎസ് പൗരന്മാർക്കുള്ള നിർദേശങ്ങൾ

∙ സെറീന ഹോട്ടൽ പെഷവാറും സമീപ പ്രദേശങ്ങളും ഒഴിവാക്കുക.

∙ അപ്‌ഡേറ്റുകൾക്കായി പ്രാദേശിക വാർത്തകൾ നിരീക്ഷിക്കുകയും വ്യക്തിഗത സുരക്ഷാ നടപടികൾ വീണ്ടും വിലയിരുത്തുകയും ചെയ്യുക.

∙ ചുറ്റുപാടുകളെ കുറിച്ച് ശ്രദ്ധാലുവായിരിക്കുകയും തിരിച്ചറിയൽ രേഖ കൈവശം വയ്ക്കുകയും ചെയ്യുക

∙ പ്രാദേശിക അധികാരികളുമായി സഹകരിക്കണം.

∙ പാക്കിസ്ഥാനുള്ള രാജ്യ സുരക്ഷാ റിപ്പോർട്ട് അവലോകനം ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *