ജിമ്മിലെ വ്യായാമത്തിനിടെ അപകടം; ട്രെയിനറായ യുവാവിന് ദാരുണാന്ത്യം

ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ 210 കിലോ ഭാരമുള്ള ബാർബെൽ ശരീരത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം. സോഷ്യൽ മീഡിയയിലെ ഫിറ്റ്നസ് ഇന്‍ഫ്ലുവന്‍സറായ ഇന്തോനേഷ്യയിലെ ബാലി സ്വദേശി ജസ്റ്റിൻ വിക്കിയാണ് മരിച്ചത്. 210 കിലോ ഭാരം ഉപയോഗിച്ച് സ്ക്വാട്ട് ചെയ്യുന്നതിനിടെയാണ് അപകടം. സ്ക്വാട്ട് ചെയ്യുന്നതിനിടെ നിവർന്ന് നിൽക്കാൻ സാധിക്കാതെ വരികയും തുടർന്ന് ബാലൻസ് നഷ്ടമായി യുവാവ് പിന്നിലേക്ക് വീഴുകയായിരുന്നു. ഈ സമയം വെയ്റ്റ് ഘടിപ്പിച്ച ബാർബെൽ ജസ്റ്റിൻ്റെ കഴുത്തിലാണ് പതിച്ചത്. കഴുത്ത് ഒടിഞ്ഞ് ഗുരുതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

യുവാവിന്റെ കഴുത്തിന്റെ പിൻഭാഗത്താണ് ബാർബെൽ വീണത്. കഴുത്ത് ഒടിയുകയും ഹൃദയത്തിലേക്കും ശ്വാസകോശത്തിലേക്കും ബന്ധിപ്പിക്കുന്ന സുപ്രധാന ഞരമ്പുകൾക്ക് തകരാർ സംഭവിച്ചതുമാണ് യുവാവിന്റെ മരണത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്.

സമൂഹമാധ്യമങ്ങളിൽ ഫിറ്റ്നസ് വിവരങ്ങളും വീഡിയോകളും പതിവായി പങ്കുവച്ചിരുന്ന ജസ്റ്റിന് ആയിരക്കണക്കിന് ഫോളോവേഴ്സാണുള്ളത്. ബാലിയിലെ പാര്‍ഡൈസ് എന്ന ജിംനേഷ്യത്തിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *