ചെലവ് ചുരുക്കൽ; 82,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ട്രംപ്

ചെലവ്  ചുരുക്കലിന്റെ ഭാഗമായി 82,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി അമേരിക്ക. വെറ്ററൻസ് അഫയേഴ്സ് വകുപ്പിലെ 82,000 ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതി തയ്യാറായെന്ന് യുഎസ് ഭരണകൂടം വ്യക്തമാക്കി. അമേരിക്കയിലെ വിമുക്തഭടന്മാർക്ക് ആരോഗ്യപരിരക്ഷ ഉൾപ്പെടെ സേവനങ്ങൾ ഉറപ്പാക്കാനുള്ള വെറ്ററൻസ് അഫയേഴ്സ് വകുപ്പിലെ ജീവനക്കാർക്കാണ് ജോലി നഷ്ടമാകുക.

വലിയ വിഷമത്തോടെയാണ് ഇത്തരം തീരുമാനമെടുക്കുന്നതെന്നും അധികച്ചെലവ് കുറയ്ക്കാനും വകുപ്പിന്റെ കാര്യക്ഷമത കൂട്ടാനുമാണ് ജീവനക്കാരെ പറഞ്ഞുവിടുന്നതെന്നുമാണ് നടപടിയെക്കുറിച്ച് വെറ്ററൻസ് അഫയേഴ്സ് സെക്രട്ടറി ഡഗ് കോളിൻസ് പ്രതികരിച്ചത്. 4 ലക്ഷത്തിൽതാഴെ മാത്രം ജീവനക്കാരുള്ള 2019 ലെ സ്ഥിതിയിലേക്ക് തിരിച്ചുപോകുകയാണ് യുഎസ് ലക്ഷ്യമിടുന്നത്. ഇലോൺ മസ്ക് മേധാവിയായുള്ള സർക്കാർ കാര്യക്ഷമതാ വകുപ്പിന്റെ മേൽനോട്ടത്തിലാണ് ജീവനക്കാരെ പിരിച്ച് വിടാൻ തീരുമാനമെടുത്തത്.  

ഇതര സർക്കാർ ഏജൻസികളിൽ നടപ്പാക്കാൻ പോകുന്ന പിരിച്ചുവിടലുകളുടെ എണ്ണത്തെക്കാൾ വളരെ കൂടുതലാണ് വെറ്ററൻസ് അഫയേഴ്സിൽ ഉണ്ടാവുകയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  അതേസമയം ട്രംപ് ഭരണകൂടത്തിന്‍റ പുതിയ നീക്കത്തിനെതിരെ അമേരിക്കൻ ഫെഡറേഷൻ ഓഫ് ഗവൺമെന്റ് എംപ്ലോയീസ് അടക്കമുള്ള  സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. വിമുക്തഭടന്മാർക്കും അവരുടെ കുടുംബങ്ങൾക്കും ദുരിതമുണ്ടാക്കുന്നതായിരിക്കും ട്രംപ് സർക്കാരിന്റെ പുതിയ നടപടിയെന്ന് സംഘടനകൾ കുറ്റപ്പെടുത്തി. 

Leave a Reply

Your email address will not be published. Required fields are marked *