ഗാസയിൽ പെട്രോൾ പമ്പിനും പള്ളിക്കും നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ പെട്രോൾ പമ്പിന് നേരെയും ഖാൻ യൂനിസിലെ പള്ളിക്ക് നേരെയുമാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. അതേസമയം, അൽ ശിഫ ആശുപത്രിയിൽ ഇസ്രായേൽ സേനയുമായി സംഘർഷം തുടരുന്നതായി ഖസ്സാം ബ്രിഗേഡ്‌സ് വ്യക്തമാക്കി. അതിനിടെ, ഹമാസ് പോളിറ്റ് ബ്യൂറോ തലവൻ ഇസ്മാഈൽ ഹനിയയുടെ ഗാസയിലെ വീട് തകർത്തതായി ഇസ്രായേൽ അവകാശപ്പെട്ടു. വെസ്റ്റ് ബാങ്കിലും ഇസ്രായേൽ അതിക്രമം തുടരുകയാണ്. അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സേന 69 പലസ്തീനികളെ അറസ്റ്റ് ചെയ്തു.
വെസ്റ്റ് ബാങ്കിലെ ബത്‌ലഹേമിൽ സംഘർഷമുണ്ടായി. സംഭവത്തിൽ മൂന്ന് പലസ്തീനികൾ കൊല്ലപ്പെടുകയും അഞ്ച് ഇസ്രായേൽ പൗരന്മാർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. വടക്കൻ ഗാസയിലെ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൂടി കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ അറിയിച്ചു. ഇതോടെ കരയുദ്ധത്തിൽ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം 50 ആയി.
അതേസമയം, ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎസിലെ ക്യാപ്പിറ്റോൾ സ്ട്രീറ്റിൽ പ്രതിഷേധമുണ്ടായി. പ്രതിഷേധത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ആറ് പൊലീസുകാർക്ക് പരിക്കേറ്റു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. കൂടാതെ, ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ബ്രിട്ടീഷ് പാർലമെന്റിന് മുന്നിൽ കൂറ്റൻ റാലി നടന്നു. വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള പ്രമേയത്തിൽ വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് റാലി നടന്നത്. എന്നാൽ പ്രമേയം 125നെതിരെ 293 വോട്ടുകൾക്ക് പരാജയപ്പെട്ടു.