ഗാസയിലേക്കുള്ള സഹായങ്ങൾ ഇസ്രയേൽ തടഞ്ഞു; വെടിനിർത്തൽ കരാർ നീട്ടാനുള്ള നിർദേശം അംഗീകരിച്ചില്ലെങ്കിൽ കൂടുതൽ പ്രത്യാഘാതങ്ങൾ ഉണ്ടാകും: മുന്നറിയിപ്പുമായി നെതന്യാഹു

ഗാസ മുനമ്പിലേക്കുള്ള എല്ലാ സഹായങ്ങളുടെയും വിതരണം ഇസ്രയേൽ തടഞ്ഞു. വെടിനിർത്തൽ കരാർ നീട്ടാനുള്ള യുഎസ് നിർദേശം അംഗീകരിച്ചില്ലെങ്കിൽ കൂടുതൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അറിയിച്ചു. സഹായങ്ങൾ എത്തിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട ഇസ്രയേൽ – ഹമാസ് വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടം അവസാനിച്ചതിനെ തുടർന്നാണ് സഹായങ്ങൾ തടഞ്ഞത്. സഹായങ്ങളുടെ വിതരണം പൂർണമായി തടയുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

ഗാസ വെടിനിർത്തലിന്റെ രണ്ടാംഘട്ട ചർച്ചകൾ എങ്ങുമെത്താതെ പിരിഞ്ഞിരുന്നു. ജനുവരിയിൽ ഇസ്രയേലും ഹമാസും തമ്മിൽ മൂന്നു ഘട്ടമായുള്ള വെടിനിർത്തലിനു ധാരണയായിരുന്നെങ്കിലും രണ്ടാം ഘട്ടത്തിലേക്കു പോകുന്നതിനു പകരം ഒന്നാംഘട്ടം നാലാഴ്ച കൂടി നീട്ടാനാണ് ഇസ്രയേൽ ശ്രമിക്കുന്നത്. ഇതിനോടു യോജിക്കാൻ ഹമാസ് തയാറാവാത്തതാണു സാഹചര്യം വഷളാക്കിയിരിക്കുന്നത്. 

വെടിനിർത്തലിന്റെ ആദ്യ ഘട്ടം റമസാൻ വരെയോ ഏപ്രിൽ 20 വരെയോ നീട്ടാൻ യുഎസിന്റെ മധ്യപൂർവേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് നിർദേശിച്ചിരുന്നു. നിർദേശം അംഗീകരിക്കുന്നതായി ഇസ്രയേൽ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പകുതി ബന്ദികളെ ആദ്യ ദിവസവും ബാക്കി ബന്ദികളെ അവസാന വെടിനിർത്തൽ കരാറിലെത്തുമ്പോഴുമായി മോചിപ്പിക്കണമെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. 

ഇക്കാര്യത്തിൽ ഹമാസ് ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല. വെടിനിർത്തൽ ചർച്ചകൾക്കു മധ്യസ്ഥത വഹിച്ച യുഎസ്, ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങളും പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *