ഖത്തറിന്റെ ഇടപെടൽ; രണ്ട് അമേരിക്കൻ ബന്ദികളെ ഹമാസ് മോചിപ്പിച്ചു

ഇസ്രയേലിൽ ഹമാസ് നടത്തിയ കടന്നാക്രമണത്തിനിടെ തട്ടിക്കൊണ്ടുപോയ 200 ഓളം ബന്ദികളിൽ രണ്ട് അമേരിക്കക്കാരെ വിട്ടയച്ചു. ജുദിത് റായ് റാണൻ അവരുടെ 17-കാരിയായ മകൾ നതാലി റാണൻ എന്നിവരാണ് വെള്ളിയാഴ്ച രാത്രിയോടെ മോചിതരായത്.

ഗാസ അതിർത്തിയിൽ കൈമാറ്റം ചെയ്യപ്പട്ട ഇവരെ നിലവിൽ ഇസ്രയേൽ പ്രതിരോധ സേനയുടെ സംരക്ഷണത്തിൽ യുഎസ് എംബസിയിലേക്ക് മാറ്റിയിട്ടുണ്ട്. ഖത്തറിന്റെ മധ്യസ്ഥതയിലാണ് ജുദിതിന്റെയും മകളുടേയും മോചനം സാധ്യമായത്. ഇക്കാര്യം ഖത്തർ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ബന്ദികളുടെ മോചനത്തിന് ഇസ്രായേലുമായും ഹമാസുമായും തുടർന്നും ചർച്ച നടത്തുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി പ്രസ്താവനയിൽ പറഞ്ഞു

ജുതിന്റെ ആരോഗ്യനില മോശമായതിനാൽ മാനുഷിക പരിഗണന നൽകിയാണ് അവരെ വിട്ടയച്ചതെന്ന് ഹമാസ് വ്യക്തമാക്കി. മോചനത്തിന് ശേഷം ജുദിതിനേയും നതാലിയേയും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഫോണിൽ വിളിച്ചു. ഇരുവരുടേയും മോചനത്തിൽ അതിയായ സന്തോഷമുണ്ടെന്ന് ബൈഡൻ അറിയിച്ചു. ബന്ദികളാക്കപ്പെട്ട മറ്റുള്ളവരുടെ മോചനത്തിന് ആവശ്യമായതെല്ലാം ചെയ്യുമെന്നും ബൈഡനെ ഉദ്ധരിച്ച് വൈറ്റ്ഹൗസ് വ്യക്തമാക്കി.

ജുദിത്, തന്റെ അമ്മ തമാർ റാണയുടെ 85-ാം പിറന്നാൾ ആഘോഷിക്കുന്നതിനും മകൾ നതാലിയുടെ ഹൈസ്‌കൂൾ ബിരുദദാനവുയി ബന്ധപ്പെട്ടും ഇസ്രയേലിലെത്തിയതായിരുന്നു. യുഎസിലേക്ക് തിരിച്ച് പോകാൻ നേരത്തെ പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് കുറച്ച് ദിവസം കൂടി ഇസ്രയേലിൽ തങ്ങാൻ തീരുമാനിച്ചു. ഇതിനിടെ ഒക്ടോബർ ഏഴിന് ജുദിതിനേയും മകളേയും ഗാസ അതിർത്തിയോട് ചേർന്ന കിബ്ബുട്സ് നഹാൽ ഓസിൽ ഹമാസ് പിടികൂടിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന തമാർ റാണയും പങ്കാളി യഹിയേലും വീട്ടിലെ സുരക്ഷിത മുറിയിൽ ഒളിച്ചു. ഇവരെ പിന്നീട് ഇസ്രയേൽ പ്രതിരോധ സേന രക്ഷപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *