കൊവിഡ് തീവ്രത കുറയുന്നു; ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ചു

കൊവിഡുമായി ബന്ധപ്പെട്ട ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യ സംഘടന. ഇനി ലോകത്ത് കൊവിഡ് 19 ഒരു മഹാമാരി ആയിരിക്കില്ലെന്നും ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട് ലോകാരോഗ്യ സംഘടന അധ്യക്ഷൻ ടെഡ്രോസ് അഥാനോം പറഞ്ഞു. മൂന്നു വർഷം മുൻപ് 2020 ജനുവരി 30-ന് ആണ് കൊറോണ വൈറസ് ബാധമൂലമുണ്ടാകുന്ന കോവിഡ് 19 എന്ന രോഗത്തിന്റെ വ്യാപനം ആരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്.

വ്യാഴാഴ്ച ലോകാരോഗ്യ സംഘടനയുടെ അടിയന്തരസമിതി 15-ാമത്തെ യോഗം ചേരുകയും ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിക്കുന്നതിന് ശുപാർശ നൽകുകയും ചെയ്തിരുന്നു. ഈ ശുപാർശ പരിഗണിച്ചുകൊണ്ടാണ് ഇപ്പോഴത്തെ പ്രഖ്യാപനമെന്നും അഥാനോം വ്യക്തമാക്കി. വൈറസ് ഇപ്പോഴും നമുക്കിടയിലുണ്ടെന്നും അത് പുതിയ വകഭേദങ്ങളെ സൃഷ്ടിച്ച് ഇനിയും രോഗബാധയ്ക്ക് കാരണമായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

ഒരു വർഷത്തിലധികമായി ലോകത്ത് പൊതുവിൽ കോവിഡ് ബാധയുടെ നിരക്ക് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. രോഗവ്യാപനംമൂലവും വാക്സിനേഷൻമൂലവും ജനങ്ങളുടെ പ്രതിരോധശേഷി വർധിക്കുകയും മരണനിരക്ക് കുറയുകയും ചെയ്തിട്ടുണ്ട്. ഇത് ആരോഗ്യ മേഖലയ്ക്കു മേലുള്ള സമ്മർദം കുറച്ചിട്ടുണ്ട്. ഈ പ്രവണത ലോകത്തെ മിക്കവാറും രാജ്യങ്ങളിൽ സാധാരണ ജീവിതം തിരികെ കൊണ്ടുവരുന്നതിന് വഴിയൊരുക്കി. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിക്കുന്നതെന്നും അഥാനോം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *