കാനഡ, മെക്‌സിക്കോ അധിക തീരുവ നടപ്പാക്കുന്നത് നീട്ടി; തീരുമാനം മാറ്റി ട്രംപ്

കാനഡയേയും മെക്‌സിക്കോയേയും ലക്ഷ്യംവെച്ച് പ്രഖ്യാപിച്ച അധിക തീരുവ നടപ്പാക്കുന്നത് നീട്ടിവെച്ച് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ 25% വരേയുള്ള തീരുവനയം ഓഹരി വിപണിയെ വലിയ തോതില്‍ ബാധിച്ചിരുന്നു. ഈ സാഹചര്യം പണപ്പെരുപ്പം വര്‍ദ്ധിപ്പിക്കുമെന്നും അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്നും സാമ്പത്തിക വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതോടെ ട്രംപ് തീരുവ പ്രഖ്യാപനം നടപ്പാക്കുന്നത് എപ്രില്‍ രണ്ടു വരെ നീട്ടിവെയ്ക്കുകയായിരുന്നു.

തീരുവ നടപ്പാക്കുന്നത് വൈകിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവില്‍ വ്യാഴാഴ്ച്ചയാണ് ട്രംപ് ഒപ്പുവെച്ചത്. വിപണയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ടാണ് തീരുമാനം നീട്ടിവെച്ചതെന്ന സൂചനകള്‍ ട്രംപ് തള്ളിക്കളഞ്ഞു. അടുത്താഴ്ച്ച പ്രാബല്യത്തില്‍ വരാനിരിക്കുന്ന സ്റ്റീല്‍, അലൂമിനിയം ഇറക്കുമതികള്‍ക്കുള്ള വിശാലമായ തീരുവകള്‍ പരിഷ്‌കരിക്കുകയില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇതിന് പിന്നാലെ തങ്ങളുടെ തീരുമാനം നടപ്പാക്കുന്നതും നീട്ടിവെച്ചതായി കാനഡയും മെക്‌സിക്കോയും അറിയിച്ചു. യു.എസ്. ഉത്പന്നങ്ങള്‍ക്കും അധിക തീരുവ ചുമത്തുമെന്ന തീരുമാനവുമായി ഏപ്രില്‍ രണ്ട് വരെ മുന്നോട്ടുപോകില്ലെന്നും എല്ലാ തീരുവകളും ഒഴിവാക്കുന്നതിനായി തങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും കനേഡിയന്‍ ധനകാര്യ മന്ത്രി ഡൊമനിക് ലെബ്ലാങ്ക് വ്യക്തമാക്കി.

നിയമവിരുദ്ധ കുടിയേറ്റം, ലഹരിമരുന്ന് കള്ളക്കടത്ത് എന്നിവ തടയുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് കാനഡയ്ക്കും മെക്സിക്കോയ്ക്കും യു.എസ്. 25% ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തിയത്. ഇത് കഴിഞ്ഞ ചൊവ്വാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്തിരുന്നു. ഊര്‍ജമേഖലയുമായി ബന്ധപ്പെട്ട് കാനഡയില്‍നിന്ന് ഇറക്കുമതിചെയ്യുന്ന എണ്ണയുള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ക്ക് 10% ഇറക്കുമതിത്തീരുവയും യു.എസ് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ അമേരിക്കയുടെ ഈ നയത്തിന് സമാനമായ രീതിയിലുള്ള മറുപടിയുമായി കാനഡയും മെക്‌സിക്കോയും രംഗത്തുവന്നു.

15,500 കോടി കനേഡിയന്‍ ഡോളറിനു മുകളില്‍ വരുന്ന യു.എസ്. ഉത്പന്നങ്ങള്‍ക്ക് 21 ദിവസത്തിനുള്ളില്‍ തീരുവ ചുമത്തുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രഖ്യാപിച്ചിരുന്നു. 3000 കോടി കനേഡിയന്‍ ഡോളര്‍ വിലമതിക്കുന്ന യു.എസ്. ഉത്പന്നങ്ങള്‍ക്കുള്ള കാനഡയുടെ 25% തീരുവ ചൊവ്വാഴ്ച പ്രാബല്യത്തില്‍ വരികയും ചെയ്തിരുന്നു. ഇതോടൊപ്പം കനേഡിയന്‍ പ്രവിശ്യകള്‍ യു.എസ്. മദ്യത്തിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *