കാനഡയിൽ ജനപ്രതിനിധിസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ മാർക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ പാർട്ടിക്ക് ഭരണത്തുടർച്ച. സിബിസി, സിടിവി തുടങ്ങിയ കനേഡിയൻ മാധ്യമങ്ങൾ ലിബറൽ പാർട്ടി അടുത്ത സർക്കാർ രൂപീകരിക്കുമെന്നു വ്യക്തമാക്കി. കൺസർവേറ്റീവ് പാർട്ടി നേതാവ് പിയറി പോളിവെർ പരാജയം അംഗീകരിക്കുകയും പ്രധാനമന്ത്രി മാർക് കാർണിയെ അഭിനന്ദിക്കുകയും ചെയ്തു. പോരാട്ടം തുടരുന്നതിൽ അഭിമാനമെന്നും 20 സീറ്റുകളിൽ മികച്ച നേട്ടമുണ്ടായെന്നും 1988 നുശേഷം ഏറ്റവും ഉയർന്ന വോട്ട് വിഹിതം ലഭിച്ചെന്നും പിയറി പോളിവെർ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ വമ്പൻ പരാജയം നുണഞ്ഞ ന്യൂ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ജഗ്മീത് സിങ് രാജിവച്ചു. ബേർണബേ സെൻട്രൽ സീറ്റിൽ ലിബറൽ സ്ഥാനാർഥി വേഡ് ചാങ്ങിനോടാണ് ജഗ്മീത് സിങ് പരാജയപ്പെട്ടത്. സിങ്ങിന് 27.3 ശതമാനം സീറ്റുകൾ ലഭിച്ചപ്പോൾ ചാങ് 40 ശതമാനത്തിൽ അധികം സീറ്റുകൾ കരസ്ഥമാക്കി. പ്രധാനമന്ത്രി കാർണിയെ ജഗ്മീത് സിങ് അഭിനന്ദിച്ചു.
ലിബറൽ പാർട്ടി പരാജയപ്പെടുമെന്നും കൺസർവേറ്റീവ് പാർട്ടി വിജയിക്കുമെന്നുമായിരുന്നു ആദ്യകാല നിരീക്ഷണം. എന്നാൽ ട്രംപ് വീണ്ടും യുഎസിൽ അധികാരത്തിൽ തിരിച്ചെത്തുകയും കാനഡയുടെ പരമാധികാരത്തെയും സമ്പദ്‌വ്യവസ്ഥയെയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീവ്ര പ്രതികരണങ്ങൾ കനേഡിയൻ പൗരന്മാരെ പ്രകോപിപ്പിക്കുക മാത്രമല്ല, ട്രംപുമായുള്ള സാമ്യം കൺസർവേറ്റീവ് പാർട്ടിയെയും അവരുടെ നേതാവ് പിയറി പോളിവെറിയെയും പ്രതിരോധത്തിലാക്കുകയുമായിരുന്നു.