കഴിഞ്ഞദിവസം കസാഖിസ്ഥാനിൽ വിമാനം തകർന്നുവീണ സംഭവത്തിൽ ബാഹ്യഇടപെടലുണ്ടെന്ന് അസർബൈജാൻ എയർലൈൻസിൻ്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട്. ഭൗതികവും സാങ്കേതികവുമായ ഇടപെടലുണ്ടായിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ മനസ്സിലായിട്ടുള്ളത്.
ക്രിസ്മസ് ദിനത്തിലുണ്ടായ അപകടത്തിൽ 38 യാത്രക്കാരാണ് മരിച്ചത്. വിമാനത്തിൽ 67 പേരുണ്ടായിരുന്നു. 29 പേർ പരിക്കുകളോടെ ചികിത്സയിലാണ്. അസർബൈജാൻ എയർലൈൻസിൻ്റെ ജെ28243 എംബ്രയർ 190 വിമാനമാണ് അപകടത്തിൽപെട്ടത്.
അസർബൈജാൻ്റെ തലസ്ഥാനമായ ബാകുവിൽ നിന്ന് റഷ്യയിലെ ചെച്നിയയിലുള്ള ഗ്രോസ്നിയിലേക്ക് പോവുകയായിരുന്നു വിമാനം. മൂടൽമഞ്ഞ് കാരണം ഗ്രോസ്നിയിൽ ഇറങ്ങാൻ അനുമതി നിഷേധിക്കുകയും കാസ്പിയൻ കടലിൻ്റെ ഭാഗത്തേക്ക് തിരിച്ചുവിടുകയും ചെയ്തു. തുടർന്ന് കസാഖിസ്ഥാനിലെ അകാതു നഗരത്തിന് സമീപം കടലിനോട് ചേർന്ന് തകർന്നുവീഴുകയായിരുന്നു.
റഷ്യയുടെ മിസൈൽ പതിച്ചാണ് അപകടമുണ്ടായതെന്ന റിപ്പോർട്ടുകൾ അടുത്തദിവസം തന്നെ പുറത്തുവന്നിരുന്നു. എന്നാൽ, ഈ വാദം റഷ്യ നിഷേധിക്കുകയും ഇത്തരം പ്രചാരണങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇതുസംബന്ധിച്ച അന്വേഷണം ഇപ്പോഴും തുടരുകയാണ്.
അതേസമയം, റഷ്യയുടെ ‘പാൻറ്സിർ എസ് എയർ’ വ്യോമ പ്രതിരോധ സംവിധാനമാണ് വിമാനത്തെ തകർത്തതെന്ന് അസർബൈജാൻ സർക്കാർ അനുകൂല വെബ്സൈറ്റായ ‘കാലിബർ’ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നുണ്ട്. വിമാനത്തിൻ്റെ മുൻവശത്ത് ദ്വാരം വീണിട്ടുണ്ട്. ഇത് മിസൈലിൻ്റെ ഷാർപ്പ്നെൽ പതിച്ചാണെന്നാണ് റിപ്പോർട്ട്.