എസ്‌സിഒ ഉച്ചകോടി: വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ പാകിസ്ഥാനില്‍

ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) 23-ാമത് കൗണ്‍സില്‍ ഉച്ചകോടിക്കായി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ പാകിസ്ഥാനില്‍. ഇന്നലെ വൈകിട്ട് പാകിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ വിമാനമിറങ്ങിയ ജയശങ്കര്‍ ഇസ്‌ലാമബാദില്‍ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ അത്താഴ വിരുന്നില്‍ പങ്കെടുത്തു.

ഔദ്യോഗിക കൂടിക്കാഴ്ചയുണ്ടായില്ല. ഒമ്പത് വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ നേതാവ് പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്. എസ് ജയശങ്കറിനെ ഇസ്‌ലാമാബാദില്‍ സ്വാഗതം ചെയ്യുന്നതിന്റെ വിഡിയോ പാക് പ്രധാനമന്ത്രിയുടെ ഓഫിസ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ഉച്ചകോടിയില്‍ അംഗ രാജ്യങ്ങളിലെ നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഉച്ചകോടി നടക്കുന്നത്.

സുരക്ഷാപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ഇസ്‌ലാമബാദിലും റാവല്‍പിണ്ടിയിലും പ്രധാന റോഡുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. മൂന്നുദിവസത്തെ പൊതുഅവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഷാങ്ഹായ് സഹകരണ കൗണ്‍സില്‍ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് താന്‍ പോകുന്നതെന്നും പാകിസ്ഥാന്‍ നേതൃത്വവുമായി ഉഭയകക്ഷി ചര്‍ച്ചകളൊന്നുമുണ്ടാകില്ലെന്നും കഴിഞ്ഞദിവസം എസ്. ജയശങ്കര്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *