ഉത്തര കൊറിയയിൽ സൈനിക മേധാവിയെ പിരിച്ചുവിട്ടു; യുദ്ധത്തിനുള്ള തയാറെടുപ്പിന്റെ മുന്നോടിയായാണ് കിം ജോങ് ഉന്നിന്റെ പുതിയ നീക്കം

ഉത്തര കൊറിയയിൽ സൈനിക മേധാവിയെ പിരിച്ചുവിട്ടു. യുദ്ധത്തിനുള്ള തയാറെടുപ്പ്, ആയുധനിർമാണം, സൈനിക വിന്യാസം തുടങ്ങിയ കാര്യങ്ങളുടെ മുന്നോടിയായാണ് ഏകാധിപതി കിം ജോങ് ഉന്നിന്റെ പുതിയ നീക്കമെന്ന് ഔദ്യോഗിക മാധ്യമമായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു. സെൻട്രൽ മിലിട്ടറി കമ്മിഷന്റെ യോഗത്തിലാണ് കിം നിർണായക തീരുമാനം വെളിപ്പെടുത്തിയത്. ശത്രുരാജ്യങ്ങളെ നേരിടുന്നതിനായി പ്രതിരോധപ്രവർത്തനങ്ങളുടെ രൂപരേഖ തയാറാക്കിയതായും കെസിഎൻഎ റിപ്പോർട്ട് ചെയ്തു.

ജനറൽ റിയോങ് ഗില്ലിനെയാണ് പുതിയ സൈനിക മേധാവിയായി നിയമിച്ചത്. കിമ്മിന്റെ സൈനിക നീക്കങ്ങളെ കുറിച്ച് ചില ചിത്രങ്ങളും കെസിഎൻഎ പുറത്തുവിട്ടു. ഭൂപടത്തിൽ ദക്ഷിണ കൊറിയൻ തലസ്ഥാനത്തിനു ചുറ്റുമുള്ള പ്രദേശങ്ങളെ കിം ചൂണ്ടിക്കാണിക്കുന്നതിന്റെ ചിത്രങ്ങളാണു പുറത്തുവന്നത്. 

രാജ്യത്തിന്റെ ഏറ്റവും പുതിയ ആയുധങ്ങൾ ഉൾപ്പെടുത്തി ഉത്തര കൊറിയയുടെ സൈനിക ബലം ലോകത്തിനു മുൻപിൽ കാണിക്കുന്നതിനായി സൈനിക അഭ്യാസങ്ങൾ നടത്താന്‍ കിം ജോങ് ഉൻ ഉത്തരവിട്ടതായും റിപ്പോർട്ട് ഉണ്ട്. ഉത്തര കൊറിയൻ റിപ്പബ്ലിക്കിന്റെ 75–ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 9ന് സൈനിക പരേഡ് നടത്തും. സൈന്യത്തെ കൂടാതെ നിരവധി അർധസൈനിക വിഭാഗങ്ങളും ഉത്തര കൊറിയയ്ക്കുണ്ട്. ഓഗസ്റ്റ് 21നും 24നും ഇടയിൽ സൈനിക അഭ്യാസങ്ങൾ നടത്താൻ യുഎസും ദക്ഷിണ കൊറിയയും തീരുമാനിച്ചിട്ടുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *