ഇസ്രയേൽ ആഭ്യന്തര യുദ്ധത്തിന്റെ വക്കിലെന്ന് മുന്നറിയിപ്പ്; ടെൽ അവീവിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ പ്രതിഷേധം

ഗാസയിൽ ഹമാസുമായും ലെബനാനിൽ ഹിസ്ബുല്ലയുമായും യുദ്ധം തുടരുന്ന ഇസ്രായേൽ ആഭ്യന്തര യുദ്ധത്തിന്റെ വക്കിലാണെന്ന് മുന്നറിയിപ്പ്. ടെൽ അവീവിൽ പ്രധാനമന്ത്രി ബെഞ്ചമി​ൻ നെതന്യാഹുവിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഇസ്രായേൽ പത്രമായ ഹാരെറ്റ്സ് മുന്നറിയിപ്പ് നൽകിയത്. യുദ്ധം രൂക്ഷമാകുന്നതിനിടെ ജനക്കൂട്ടം തെരുവിലിറങ്ങുന്നത് അത്യന്തം അപകടമാണ്. തെരുവുകൾ അസ്ഥിരവും സ്ഫോടനാത്മകവുമാകും. ആഭ്യന്തര യുദ്ധത്തിന്റെ ലക്ഷണങ്ങൾ പലതും കാണാം. രാജ്യം ഒരു ​​പൊട്ടിത്തെറിയുടെ വക്കിലാണെന്നും ഹാരെറ്റ്സിന്റെ റിപ്പോർട്ടിലുണ്ട്.

രാഷ്ട്രീയ​ നേതാക്കൾക്കെതിരെയും സൈനിക മേധാവികൾക്കെതിരെയും പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നത് വലിയ വിനാശമാകും. രാഷ്ട്രീയ ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ വൻതോതിൽ തോക്കുകളും ആയുധങ്ങളും വിതരണം ചെയ്യുന്നുണ്ട്. പ്രതിഷേധക്കാർ ഇതെടുത്ത് ഉപയോഗിച്ചാൽ സ്ഥിതി രൂക്ഷമാകും.

നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലുള്ളത് പേടിസ്വപ്നമായി മാറിയിട്ടുണ്ട്. സർക്കാർ നിരവധി വാഗ്ദാനങ്ങൾ നൽകിയെങ്കിലും അവ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടു.

വെസ്റ്റ്ബാങ്കിൽ പ്രശ്നങ്ങൾ രൂക്ഷമാകുമ്പോഴും ഗാസയിലും ലെബനാന്റെ വടക്കൻ അതിർത്തിയിലും യുദ്ധം തുടരുന്നതിലാണ് ഇസ്രായേൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യുദ്ധം തുടരുകയാണ് സർക്കാറിന്റെ നിലനിൽപ്പിന് വേണ്ടതെന്നും റിപ്പോർട്ടിലുണ്ട്.

2024 ഭീകരവും പ്രശ്‌നങ്ങൾ നിറഞ്ഞതുമായ വർഷമാകും. പ്രതിസന്ധികളുടെ പരമ്പരയാണ് വരാൻ പോകുന്നത്. യുദ്ധത്തിൽ കൊല്ലപ്പെട്ടവർ, ഗാസയിലെയും ലെബനാൻ അതിർത്തിയിലെയും ചെറുത്തുനിൽപ്പുകൾ, ഹമാസിന്റെ കൈവശമുള്ള ബന്ദികൾ എന്നിവയെല്ലാം ഇസ്രായേലിന്റെ മുമ്പിൽ പ്രതിസന്ധിയായി തുടരും. അശാന്തിയും പുതിയ പ്രതിഷേധങ്ങളും സുരക്ഷ സേനയുടെ നിലവിലെ അവസ്ഥയുമെല്ലാം കൂടുതൽ പ്രതിസന്ധി തീർക്കും. ഇതിന് പുറമെയാണ് രാജ്യം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്നും പത്രം ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *