ഇസ്രയേലിന്റെ തുടർ സൈനിക നീക്കം അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായിരിക്കണം; അമേരിക്ക

ഇസ്രയേലിൻറെ തുടർ സൈനിക നീക്കങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായിരിക്കണമെന്ന് അമേരിക്ക. ഗാസയിലെ ജനങ്ങളെ സംരക്ഷിക്കാനുള്ള മുൻകരുതലിനെക്കുറിച്ചും അമേരിക്ക ഇസ്രയേലിനെ ഓർമിപ്പിച്ചു. ഗാസയിൽ തുടർ സൈനിക നീക്കങ്ങൾ ഇസ്രയേൽ ശക്തമാക്കാനിരിക്കെ അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഫോണിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യങ്ങൾ ചർച്ചയായത്.

നിരപരാധികളായ ജനങ്ങൾക്ക് ഭക്ഷണം, വെള്ളം, ചികിത്സ തുടങ്ങിയവ ലഭിക്കുന്നുണ്ടെന്നുറപ്പാക്കാൻ യു.എന്നുമായും മറ്റു മിഡിൽ ഈസ്റ്റ് രാജ്യങ്ങളുമായും ചേർന്ന് പ്രവർത്തിക്കുകയാണെന്നും ജോ ബൈഡൻ അറിയിച്ചു. ഇസ്രയേലിലെ പൗരന്മാരെ സംരക്ഷിക്കാനുള്ള എല്ലാ നടപടികൾക്കും ജോ ബൈഡൻ നെതന്യാഹുവിന് പിന്തുണ അറിയിച്ചു. ഇരുവരും നടത്തിയ ഫോൺ സംഭാഷണത്തിൻറെ വിവരം വൈറ്റ് ഹൗസാണ് പ്രസ്താവനയായി പുറത്തുവിട്ടത്. യു എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗലാന്റുമായും വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. ഇതിനിടെ, സൈനിക നീക്കം ശക്തമാക്കുന്നതിൻറെ ഭാഗമായി അമേരിക്കയുടെ രണ്ടാമത്തെ യുദ്ധകപ്പൽ ഐസൻഹോവർ ഇസ്രയേലിനടുത്തേക്ക് നീക്കാൻ തീരുമാനിച്ചു. നേരത്തെ ജെറാൾഡ് ഫോർഡ് എന്ന യുദ്ധകപ്പൽ ഇസ്രയേലിനടുത്ത് നിലയുറപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *