ഇന്ത്യ-കാനഡ വിഷയം; നയതന്ത്ര പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് ജസ്റ്റിൻ ട്രൂഡോ

ഖലിസ്ഥാൻവാദി നേതാവ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യൻ പങ്ക് സംബന്ധിച്ച വിവരങ്ങള്‍ ആഴ്ചകള്‍ക്ക് മുൻപ് കൈമാറിയിരുന്നതായി ആവര്‍ത്തിച്ച്‌ ജസ്റ്റിൻ ട്രൂഡോ.

നയതന്ത്ര പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ട്രൂഡോ വ്യക്തമാക്കി. എന്നാല്‍ ഇതുകൊണ്ടൊന്നും കാനഡ ആഗ്രഹിക്കുന്ന രീതിയിലുള്ള പിന്തുണ അവര്‍ക്ക് ലഭിക്കുന്നില്ല. സഖ്യകകക്ഷികളായ പല പാശ്ചാത്യ രാജ്യങ്ങളും കാനഡയെ ശക്തമായി പിന്തുണച്ച്‌ രംഗത്ത് വന്നില്ലെന്ന് മാത്രമല്ല, തണുത്ത പ്രതികരണമാണ് അവരില്‍ നിന്ന് ഉണ്ടായതും. 

ട്രൂഡോയുടെ ആരോപണങ്ങളോടുള്ള ഇന്ത്യയുടെ പ്രതിഷേധക്കുറിപ്പും ഇന്ത്യയുടെ നടപടികളും മറ്റ് രാഷ്ട്രങ്ങളെ വിഷയത്തില്‍ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിച്ചു. ഭരണം നിലനിര്‍ത്താനുള്ള ആഭ്യന്തര സമ്മര്‍ദ്ദമാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ ഇന്ത്യക്കെതിരെ തിരിയാൻ പ്രേരിപ്പിച്ചതെന്ന് വിലയിരുത്തലും പല രാജ്യങ്ങള്‍ക്കുമുണ്ട്. സിഖ് നേതാവ് ജഗ്മീത് സിങിന്റെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നിര്‍ണായക പിന്തുണ ഉറപ്പിക്കാനാണ് ട്രൂഡോ ഇന്ത്യക്കെതിരെ തിരിഞ്ഞതെന്ന് പല രാജ്യങ്ങളും വിശ്വസിക്കുന്നുണ്ട്.

ചൊവ്വാഴ്ച കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കര്‍ യുഎൻ പൊതുസഭയെ അഭിമുഖീകരിക്കും. കാനഡ വിഷയത്തിലെ ഇന്ത്യയുടെ അതൃപ്തി അദ്ദേഹം ലോകരാഷ്ട്രങ്ങളെ അറിയിക്കുമെന്നാണ് കരുതുന്നത്. അന്താരാഷ്ട്ര ഭീകരവാദം ചെറുക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ക്വാഡ് രാഷ്ട്രങ്ങള്‍ സംയുക്ത പ്രസ്താവന ഇറക്കിയതും ഇന്ത്യക്ക് നേട്ടമാണ്. ഭീകരവാദികള്‍ക്ക് മറ്റ്‌ രാജ്യങ്ങള്‍ ഒളിത്താവളങ്ങള്‍ നല്‍കുന്നതും, ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക്‌ ആവശ്യമായ സാമ്ബത്തിക ശൃംഖല രൂപപ്പെടുന്നതും ചെറുക്കാൻ സമഗ്രമായ നടപടികള്‍ തുടരുമെന്നും അംഗ രാഷ്ട്രങ്ങള്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *