ആലീസിന്റെ ശരീരത്തില്‍ വെടിയേറ്റതിന്റെ പരിക്കുകള്‍; യുഎസിൽ കൊല്ലം സ്വദേശികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത

കലിഫോർണിയയില്‍ സാൻ മറ്റെയോയില്‍ കൊല്ലം സ്വദേശികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത നീളുന്നു. ഭർത്താവ് ആനന്ദ് ഭാര്യ ആലീസിനെ വെടിവെച്ച്‌ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

ആലീസിന്റെ ശരീരത്തില്‍ നിരവധി തവണ വെടിയേറ്റതിന്റെ പരിക്കുകള്‍ കണ്ടെത്തിയിരുന്നു. ഇരട്ടക്കുട്ടികളായ നോഹ, നെയ്ഥൻ (4) എന്നിവരെ മരിച്ച നിലയിലും കണ്ടെത്തിയിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്ന ശേഷം മാത്രമേ കുട്ടികളുടെ മരണ സമയവും കാരണവും വ്യക്തമാകൂയെന്നും സാൻ മറ്റെയോ പൊലീസ് വ്യക്തമാക്കി.

2016ല്‍ ദമ്പതികള്‍ വിവാഹ മോചനത്തിന് അപേക്ഷിച്ചെങ്കിലും പിന്നീട് പിൻവലിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിന് ശേഷമാണ് ഇരട്ടക്കുട്ടികള്‍ ജനിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു. മാതൃകാ ദമ്പതികളെപ്പോലെയായിരുന്നു ഇവരെന്നാണ് സമീപവാസികള്‍ പൊലീസിനു നല്‍കിയ മൊഴി. 2020ലാണ് ദമ്പതികള്‍ സാൻ മറ്റെയോയിലേക്ക് മാറിയത്.

സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്ന ആനന്ദ് എട്ട് വർഷത്തോളം ഗൂഗിളിലും ഒരു വർഷത്തോളം മെറ്റയിലും ജോലി ചെയ്തിരുന്നു. കഴിഞ്ഞ വർഷമാണ് സ്വന്തം നിലയില്‍ ലോജിറ്റ്സ് എന്ന പേരില്‍ സ്റ്റാർട്ടപ്പ് സ്ഥാപനം തുടങ്ങിയത്. അടുത്തിടെയായി സ്ഥാപനത്തിന്റെ വെബ്സൈറ്റിന്‍റെ പ്രവർത്തനം മുടങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *