ആന്റ് ഗ്രൂപ്പില്‍നിന്ന് ജാക് മാ പിന്മാറി: നിയന്ത്രണം ഇനി പത്തംഗ സംഘത്തിന്

ഇ-കൊമേഴ്‌സ് ഭീമനായ ആലിബാബയുടെ സ്ഥാപകനും ചൈനയിലെ ശതകോടീശ്വരനുമായ ജാക് മാ ആന്റ് ഗ്രൂപ്പിന്റെ നിയന്ത്രണം ഉപേക്ഷിക്കുന്നു. ശനിയാഴ്ച പുറത്തുവിട്ട അറിയിപ്പ് പ്രകാരം ആന്റ് ഗ്രൂപ്പിന്റെ നിയന്ത്രണം ഇനി പത്തംഗ സംഘത്തിനായിരിക്കും. അപ്രതീക്ഷിത തിരിച്ചടിയാണ് ലോകത്തെതന്നെ അറ്റവും വലിയ ഫിന്‍ടെക് പ്ലാറ്റ്‌ഫോമായ ആന്റ് ഗ്രൂപ്പിന്റെ തലപ്പത്തുനിന്നൊഴിയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിന്റെ തലേദിവസം റെഗുലേറ്റര്‍മാരെ വിമര്‍ശിച്ചുകൊണ്ട് ജാക് മാ നടത്തിയ പ്രസംഗത്തിനുശേഷമാണ് പൊതുവേദികളില്‍നിന്ന് അദ്ദേഹം അപ്രത്യക്ഷമായത്. ചൈനീസ് റെഗുലേറ്റര്‍മാര്‍ സമയം നഷ്ടപ്പെടുത്തുന്നുവെന്നും നവീന ആശയങ്ങളെ നിരുത്സാഹപ്പെടുത്തുന്നുവെന്നുമായിരുന്നു വിമര്‍ശനം. വിമര്‍ശനത്തിന് പിന്നാലെ ആലിബാബയ്‌ക്കെതിരെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ആന്റ് ഗ്രൂപ്പിന്റെ ഷാങ് ഹായിലും ഹോങ്കോങിലും 3,700 കോടി ഡോളറിന്റെ ഐപിഒ ചൈനീസ് സര്‍ക്കാര്‍ തടയുകയും ചെയ്തു. മാ-യോട് രാജ്യംവിടാനും ആവശ്യപ്പെട്ടു. പിന്നീട് മാസങ്ങളോളം അദ്ദേഹത്തെ ആരും കണ്ടില്ല. ലോകമാകെ മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍, നിരീക്ഷണത്തിലാണെന്നുമാത്രമാണ് ചൈനിസ് സര്‍ക്കാര്‍ വ്യക്തമാക്കിയത്.

മായുടെ സ്വന്തം ടാലന്റ് ഷോയായ ‘ആഫ്രിക്കാസ് ബിസിനസ് ഹീറോസ്’ ന്റെ അവസാന എപ്പിസോഡില്‍ ജഡ്ജായി അദ്ദേഹം എത്തിയില്ല. പകരം ആലിബാബയുടെ മറ്റൊരു പ്രതിനിധിയാണ് പങ്കെടുത്തത്. ആലിബാബയുടെ വെബ്‌സൈറ്റില്‍നിന്ന് മായുടെ ചിത്രം നീക്കുകയുംചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *