ആണവയുദ്ധം പോലെ വിനാശകാരിയാണ് എഐ: ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പ്

എ.ഐയെക്കുറിച്ച്‌ വീണ്ടും മുന്നറിയിപ്പുമായി വിദഗ്ധര്‍. സെന്റര്‍ ഫോര്‍ എഐ സേഫ്റ്റിയുടെ വെബ്‌പേജില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്

എഐ മനുഷ്യരാശിയുടെ നാശത്തിന് തന്നെ കാരണമാകുമെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. പ്രസ്താവനയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്. പാൻഡെമിക്കും ആണവയുദ്ധങ്ങളും പോലെ മനുഷ്യരാശിയെ തന്നെ ഇല്ലാതാക്കാൻ കെല്‍പുള്ളതാണ് നിര്‍മ്മിതബുദ്ധി എന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഭീഷണി ലഘുകരിക്കാനായി ആഗോള മുൻ‌ഗണന നല്‍കണമെന്നും വിദഗ്ധര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ മറ്റൊരു കൂട്ടര്‍ വാദിക്കുന്നത് എഐയെക്കുറിച്ചുള്ള ഭയം അമിതമാണെന്ന് വാദിക്കുന്നവരുമുണ്ട്. ചാറ്റ്‌ ജി.പി.ടി നിര്‍മാതാക്കളായ ഓപ്പണ്‍ എ.ഐ ചീഫ് എക്‌സിക്യൂട്ടിവ് സാം ആള്‍ട്ട്‌മാൻ, ഗൂഗിള്‍ ഡീപ്‌മൈൻഡ് ചീഫ് എക്‌സിക്യൂട്ടിവ് ഡെമിസ് ഹസാബിസ്, ആന്ത്രോപിക്കിന്റെ ഡാരിയോ അമോഡി എന്നിവര്‍ പ്രസ്താവനയെ പിന്തുണച്ച്‌ എത്തിയിട്ടുണ്ട്.

സൂപ്പര്‍ ഇന്റലിജന്റ് എ.ഐയില്‍നിന്നുള്ള അപകടങ്ങളെക്കുറിച്ച്‌ നേരത്തെ മുന്നറിയിപ്പ് നല്‍കിയ ജെഫ്രി ഹിന്റണും കമ്ബ്യൂട്ടര്‍ സയൻസ് പ്രഫസറും മോണ്‍ട്രിയല്‍ സര്‍വകലാശാലയിലെ പ്രഫസറുമായ യോഷ്വ ബെൻഗിയോയും പ്രസ്താവനയില്‍ ഒപ്പും വെച്ചിട്ടുണ്ട്. ജെഫ്രി ഹിന്റണ്‍, യോഷ്വ ബെൻഗിയോ, എൻ.വൈ.യു പ്രഫസര്‍ യാൻ ലെകണ്‍ എന്നിവരാണ് എഐയുടെ ‘ഗോഡ്ഫാദര്‍മാര്‍’ എന്ന് അറിയപ്പെടുന്നത്.

കാലാവസ്ഥാ വ്യതിയാനത്തെക്കാള്‍ വലിയ ഭീഷണിയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് കൊണ്ട് മനുഷ്യരാശി നേരിടുകയെന്ന് എഐയുടെ ഗോഡ്ഫാദര്‍മാരിലായ ജോഫ്രി ഹിന്റണ്‍ നേരത്തെ പറഞ്ഞിരുന്നു. എഐ ഉയര്‍ത്തുന്ന ഭീഷണികളെ കുറിച്ച്‌ തുറന്ന് സംസാരിക്കാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചുകൊണ്ട് അടുത്തിടെയാണ് ഹിന്റണ്‍ ഗൂഗിളില്‍ നിന്ന് രാജിവെച്ചത്.

ഹിന്റണിന്റെ കണ്ടെത്തലുകളാണ് നിലവിലെ എഐ സംവിധാനങ്ങള്‍ക്ക് അടിസ്ഥാനമായിരിക്കുന്നത്. 1986 ല്‍ ഡേവിഡ് റുമെല്‍ഹാര്‍ട്ട്, റൊണാള്‍ഡ് വില്യംസ് എന്നിവരുമായി ചേര്‍ന്ന് ഹിന്റണ്‍ ‘ലേണിങ് റെപ്രസെന്റേഷൻസ് ബൈ ബാക്ക് പ്രൊപ്പഗേറ്റിങ് ഇറേഴ്‌സ്’ എന്നൊരു പ്രബന്ധം എഴുതിയിരുന്നു. എഐയ്ക്ക് അടിസ്ഥാനമായ ന്യൂറല്‍ നെറ്റ്‌വര്‍ക്കുകളുടെ ഡവലപ്പ്മെന്റിലെ നാഴികകല്ലായാണ് ഈ പ്രബന്ധത്തെ കണക്കാക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുൻപ് തന്നെ എഐയ്ക്കായി പ്രവര്‍ത്തിച്ച്‌ തുടങ്ങിയവരുടെ കൂട്ടത്തിലെ ഒരാളാണ് ഹിന്റണ്‍.

അതേസമയം തന്നെ എഐയുടെ വളര്‍ച്ച സംബന്ധിച്ച്‌ ആശങ്ക പ്രകടിപ്പിക്കുന്നവരുടെ കൂട്ടത്തിലും അദ്ദേഹമുണ്ട് എന്നത് ശ്രദ്ധയമാണ്. മനുഷ്യ ബുദ്ധിയെ മറികടന്ന് ഭൂമിയുടെ നിയന്ത്രണം തന്നെ എഐ ഏറ്റെടുത്തേക്കുമോ എന്നതാണ് ഹിന്റണ്‌‍ ഉള്‍പ്പെടെയുള്ളവരുടെ സംശയം. കാലാവസ്ഥ വ്യതിയാനം വലിയ ഭീഷണിയാണെന്നും എന്നാല്‍ അടിയന്തിരമായി പരിഗണിക്കപ്പെടേണ്ട ഭീഷണി എഐയാണെന്നുമാണ് അദ്ദേഹം റോയിട്ടേഴ്സിനോട് പറഞ്ഞത്.

കാലാവസ്ഥാ വ്യതിയാനത്തെ നിയന്ത്രിക്കാൻ എന്തൊക്കെ ചെയ്യണമെന്ന് നിര്‍ദേശിക്കാൻ പ്രയാസമില്ലെന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഭീഷണി കൈകാര്യം ചെയ്യാൻ എന്തുചെയ്യണമെന്ന് യാതൊരു വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *