അമേരിക്കയുടെ തീരുവ നടപടിക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണം- ഇന്ത്യയോട് ചൈന

അമേരിക്കയുടെ തീരുവ നടപടിക്കെതിരെ ഒറ്റക്കെട്ടായി നൽകണമെന്ന് ഇന്ത്യയോട് ചൈന. ഇന്ത്യയിലെ ചൈനീസ് എംബസിയിലെ വക്താവ് യു ജിങ്ങ് സാമൂഹിക മാധ്യമത്തിലൂടെയാണ് ഇത്തരമൊരു പരാമർശം നടത്തിയത്.

പരസ്പരപൂരകവും പ്രയോജനാധിഷ്ഠിതവുമാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള സാമ്പത്തിക-വ്യാപാര ബന്ധം. രാജ്യങ്ങളുടെ, പ്രത്യേകിച്ച് ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ വികസനത്തിനുള്ള അവകാശം നിഷേധിക്കുന്ന യുഎസിന്റെ തീരുവ നടപടിയെ നേരിടാനും പ്രതിസന്ധികളെ അതിജീവിക്കാനും ഇരു വികസ്വര രാജ്യങ്ങളും ഒരുമിച്ച് നിൽക്കണമെന്ന്, ജിങ് കുറിപ്പിൽ പറയുന്നു.

വ്യാപാരയുദ്ധത്തിലും തീരുവയുദ്ധത്തിലും ജേതാക്കളില്ലെന്നും ജിങ്ങിന്റെ കുറിപ്പിലുണ്ട്. വിശാലമായ ചർച്ചകൾ, രാജ്യങ്ങൾ തമ്മിലുള്ള സത്യസന്ധമായ സഹകരണം എന്നീ തത്വങ്ങൾ എല്ലാ രാജ്യങ്ങളും ഉയർത്തിപ്പിടിക്കണമെന്നും എല്ലാ വിധത്തിലുമുള്ള എകപക്ഷീയതയെയും സംയുക്തമായി എതിർക്കണമെന്നും അവർ പറയുന്നു.

സാമ്പത്തിക ആഗോളവത്കരണത്തെയും വിവിധ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തെയും ശക്തമായി പിന്തുണയ്ക്കുന്ന നിലപാടാണ് ചൈനയ്ക്കുള്ളതെന്നും പ്രതിവർഷം ആഗോള വളർച്ചയുടെ 30 ശതമാനത്തോളം സംഭാവന ചെയ്യുന്നുണ്ടെന്നും കുറിപ്പ് ചൂണ്ടിക്കാണിക്കുന്നു. ലോകവ്യാപാര സംഘടനയെ കേന്ദ്രമാക്കി നിലനിർത്തിക്കൊണ്ട് ബഹുമുഖ വ്യാപാര സംവിധാനത്തെ സംരക്ഷിക്കാൻ ലോകത്തെ മറ്റു രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ജിങ്ങിന്റെ കുറിപ്പിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *