‘അപകടമാണ്, അമേരിക്കയിലേക്കും യൂറോപ്പിലേക്കും യാത്ര ചെയ്യരുത്’; പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി റഷ്യ

അമേരിക്കയിലേക്കും യൂറോപ്പിലേക്കും യാത്ര ചെയ്യരുതെന്ന് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി റഷ്യ. യുഎസും യൂറോപ്പുമായുള്ള ബന്ധം മോശമായ സാഹചര്യത്തിലാണ് റഷ്യയുടെ മുന്നറിയിപ്പ്. അമേരിക്കൻ അധികാരികളാൽ വേട്ടയാടപ്പെടാൻ സാധ്യതയുണ്ടെന്നും റഷ്യ മുന്നറിയിപ്പ് നൽകി.

വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. സ്വകാര്യമായാലും ഔ​ദ്യോ​ഗികമായാലും യുഎസിലേക്കുള്ള യാത്രകൾ ഗുരുതരമായ അപകടസാധ്യതകൾ നിറഞ്ഞതാണെന്നും യുഎസ്-റഷ്യ ബന്ധം വിള്ളലിൻ്റെ വക്കിലാണെന്നും മരിയ പറഞ്ഞു.

കാനഡയിലേക്കും യൂറോപ്യൻ യൂണിയനിലെ യുഎസ് സഖ്യകക്ഷികളിലേക്കും യാത്ര ചെയ്യാതിരിക്കാനും ശ്രദ്ധ വേണമെന്നും അവർ പറഞ്ഞു. സമാനമായ രീതിയിൽ, റഷ്യയിലേക്കുള്ള യാത്ര ഒഴിവാക്കുന്നതിനായി യുഎസും തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2022 ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതു മുതൽ 62 ബില്യൺ ഡോളർ സൈനിക സഹായം നൽകി യുഎസ് യുക്രൈനെ പിന്തുണച്ചതാണ്  പ്രശ്നം കൂടുതൽ വഷളാകാൻ കാരണം.

റഷ്യയിലേക്ക് ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ യുഎസ് കഴിഞ്ഞ മാസം യുക്രൈന് അനുമതി നൽകിയിരുന്നു. കൂടാതെ, ഇപ്പോൾ യുക്രൈന് 20 ബില്യൺ ഡോളർ വായ്‌പയും നൽകി. റഷ്യയെ ദുർബലപ്പെടുത്താനും ആത്യന്തികമായി നശിപ്പിക്കാനും അമേരിക്ക യുക്രൈനെ ഉപയോഗിക്കുകയാണെന്നാണ് റഷ്യയുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *