ലോകത്തിലെ ഏറ്റവും വലിയ സൈക്കിളിന്റെ അപാര കഥ..!

ഇതു ലോകത്തിലെ ഏറ്റവും വലിയ സൈക്കിളിന്റെ കഥയാണ്. 2177 കിലോഗ്രാം തൂക്കമുള്ള സൈക്കിൾ മൂന്നു വർഷം കൊണ്ടാണ് നിർമിച്ചത്. സൈക്കിളിന്റെ മറ്റൊരു പ്രത്യേകത സ്‌ക്രാപ്പ് മെറ്റൽ ഉപയോഗിച്ചാണ് സൈക്കിൾ നിർമിച്ചിതെന്നതും കൗതുകരം. സൈക്കിളിനു പേരുമുണ്ട് ക്ലീൻ ജോഹന്ന. സെബാസ്റ്റ്യൻ ബട്ട്ലർ എന്ന ജർമൻകാരനാണ് ഭീമൻ സൈക്കിൾ നിർമിച്ചത്.

ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ദേശീയ പതിപ്പായ ജർമനിയിലെ റെക്കോർഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലീൻ ജോഹന്ന ഇതിനോടകംതന്നെ ഇടം പിടിച്ചിട്ടുണ്ട്. അഞ്ചു മീറ്റർ നീളവും രണ്ടു മീറ്റർ ഉയരവുമുണ്ട് സൈക്കിളിന്. ഹാച്ച്ബാക്ക് കാറിനേക്കാൾ ഭാരമുള്ള സൈക്കിൾ കാലുകൊണ്ട് ചവിട്ടുന്നതിനു പകരം ഓടിക്കാൻ ട്രക്കിന്റെ ഗിയർബോക്‌സ് ആണ് ഉപയോഗിക്കുന്നത്. സൈക്കിളിന് 35 ഫോർവേഡ് ഗിയറുകളും ഏഴ് റിവേഴ്സ് ഗിയറുകളുമാണുള്ളത്. ഒരു പെഡലിലൂടെ ഒരാൾക്കു മാത്രമേ ഇതു പ്രവർത്തിപ്പിക്കാൻ സാധിക്കുക. സൈക്കളിന്റെ വേഗത, മറ്റു കാര്യക്ഷമത എന്നിവയുമായി ബന്ധപ്പെട്ട് ബട്ട്ലർ ഒന്നും പറഞ്ഞിട്ടില്ല.

മൂന്നു വർഷം സമയമെടുത്താണ് സെബാസ്റ്റ്യൻ ബട്ട്ലർ തന്റെ സൈക്കിളിന്റെ നിർമാണം പൂർത്തിയാക്കിയത്. തന്റെ വർക്ക്ഷോപ്പിൽ വച്ചായിരുന്നു നിർമാണം. സഹായത്തിനു മറ്റാരെയും ബട്ട്ലർ കൂട്ടിയില്ല. സ്‌ക്രാപ്പ് മെറ്റൽ ഉപയോഗിച്ച് ഒരു സൈക്കിൾ നിർമിക്കുക എന്നതു ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നുവെന്ന് ബട്ട്ലർ വെളിപ്പെടുത്തുന്നു. കുറച്ചുകാലമായി സ്‌ക്രാപ്പ് മെറ്റൽ ഉപയോഗിച്ചു വാഹനങ്ങൾ നിർമിക്കുന്ന പരീക്ഷണങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു അദ്ദേഹം. തുടർന്നും സ്‌ക്രാപ്പ് മെറ്റൽ ഉപയോഗിച്ചുള്ള വാഹനനിർമാണത്തിൽ സജീവമാകുകയാണു തന്റെ ലക്ഷ്യമെന്നും ബട്ട്ലർ.

Leave a Reply

Your email address will not be published. Required fields are marked *