ലോകത്തിലെ ഏറ്റവും ഉയരമുള്ള വനിത റുമേയ്സാ ഗെല്‍ഗിയാണ്. എന്നാല്‍ ഇത്രയും ഉയരമുള്ള ഗെൽഗി എങ്ങനെയാണ് വിമാനയാത്ര നടത്തുന്നത്?. ഇപ്പോഴിതാ ഏഴ് അടിയിൽ കൂടുതൽ ഉയരമുള്ള ഗെൽഗിയുടെ ഒരു വിമാനയാത്രയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. സീറ്റുകൾ മാറ്റി അതിന് പകരം ഒരു സ്ട്രക്ചർ. അതിൽ കിടന്നുകൊണ്ടായിരുന്നു ഗെൽഗിയുടെ വിമാന യാത്ര.
ഗെൽഗി സ്ട്രെക്ചറിൽ കിടക്കുന്നതും അവരെ എയർലൈൻസ് ജീവനക്കാർ വിമാനത്തിനകത്തേക്ക് കയറാൻ സഹായിക്കുന്നതും ഒക്കെ വീഡിയോയിൽ കാണാം. സ്കോളിയോസിസ് എന്ന അവസ്ഥ കാരണം നേരെ ഇരിക്കാൻ പ്രയാസമാണ് ഗെൽഗിയ്ക്ക്. വിമാനത്തിൽ സ്ട്രെക്ചറിൽ കിടന്നുകൊണ്ടുള്ള യാത്ര വളരെ ആശ്വാസകരമായിരുന്നെന്ന് ഗെൽഗി പറയുന്നുണ്ട്. വീവെര്‍ സിന്‍ഡ്രോം ബാധിതയാണ് ഗെൽഗി. അത് തന്നെയാണ് അവരുടെ ഈ അസാധാരണമായ ഉയരത്തിന് കാരണവും. അടുത്തിടെ യുകെ, യുഎസ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ഗെൽഗിക്ക് ഒരുക്കി കൊടുത്തത് ടർക്കിഷ് എയർലൈൻസ് ആണ്. ഗിന്നസ് വേൾഡ് റെക്കോർഡ് പങ്കുവച്ച ഈ യാത്രയുടെ വീഡിയോയ്ക്ക് നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്.