രുചി നഷ്ടപ്പെടാതെ ചിക്കൻ പാകം ചെയ്യാം; ഇവ ശ്രദ്ധിക്കൂ

രുചിയൊട്ടും നഷ്ടപ്പെടാതെ ചിക്കൻ പാകം ചെയ്യുക എന്നത് പറയുന്നത്ര എളുപ്പമുള്ള കാര്യമല്ല. ഇറച്ചിയുടെ മാർദ്ദവവും ജ്യൂസിനെസും നഷ്ടപ്പെടാതെ തയാറാക്കിയെടുക്കണം. മാത്രമല്ല, ചേർക്കുന്ന മസാലയുടെ രുചിയോ മണമോ നഷ്ടപ്പെടുകയുമരുത്. ഇനി പറയുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കി നോക്കൂ. ചിക്കൻ വളരെ സ്വാദിഷ്ടമായി തയാറാക്കിയെടുക്കാം.

ഇറച്ചി ഫ്രഷ് ആയിരിക്കണം

കറി രുചികരമാകണമെങ്കിൽ ചിക്കൻ എപ്പോഴും ഫ്രഷായിരിക്കണം. അതുകൊണ്ടു ചിക്കൻറെ കാര്യം വരുമ്പോൾ ഫ്രോസൺ മാംസത്തെ കുറിച്ച് ചിന്തിക്കാതിരിക്കുന്നതാണ് നല്ലത്. ഫ്രഷ് ചിക്കന് മാത്രമേ യഥാർത്ഥ രുചി നല്കാൻ കഴിയുകയുള്ളൂ. കൂടാതെ, മസാല പെട്ടെന്ന് ഇറച്ചിയിൽ പിടിക്കണമെങ്കിലും കറി രുചികരമാകണമെങ്കിലും മാംസത്തിന്റെ മാർദ്ദവം നഷ്ടപ്പെടാതിരിക്കണമെങ്കിലുമൊക്കെ ചിക്കൻ ഫ്രഷ് ആയി തന്നെ കിട്ടണം.

മാരിനേറ്റ്

ചിക്കൻ കറിയോ റോസ്റ്റോ എന്താണ് തയാറാക്കുന്നതെങ്കിലും മസാലകൾ ഇറച്ചിയിൽ പുരട്ടി വെയ്ക്കാൻ മറക്കരുത്. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് രണ്ടുണ്ട് കാര്യം. മസാലകൾ പിടിക്കുമെന്നു മാത്രമല്ല, ചിക്കൻ കൂടുതൽ വെന്തു പോകാതിരിക്കുകയും ചെയ്യും.

ഒരേ വലുപ്പത്തിൽ കഷ്ണങ്ങൾ

ചിക്കൻ കഷ്ണങ്ങളാക്കിയാണ് വാങ്ങുന്നതെങ്കിൽ പ്രത്യേകം പറയണം എല്ലാം ഒരേ വലുപ്പത്തിൽ തന്നെ വേണമെന്നുള്ളത്. അല്ലാത്ത പക്ഷം വലുപ്പം കൂടിയതും കുറഞ്ഞതുമുണ്ടെങ്കിൽ ചില കഷ്ണങ്ങൾ വെന്തു പോകാനും ചിലതു വേവാതിരിക്കാനും സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ അതും കറിയുടെ രുചിയെ സാരമായി തന്നെ ബാധിക്കും.

അടച്ചു വയ്ക്കണം

ചിക്കൻ വേവിക്കാനായി അടുപ്പിൽ വെച്ച് കഴിയുമ്പോൾ പാത്രം അടച്ചു തന്നെ വയ്ക്കണം. പാൻ അടച്ചു വെയ്ക്കുന്നത് വഴി ചിക്കനിലെ വെള്ളം പൂർണമായും പുറത്തേയ്ക്കു വരും. ഇറച്ചി ഡ്രൈ ആയി പോകുകയുമില്ല.

Leave a Reply

Your email address will not be published. Required fields are marked *