ജോലിക്കിടെ ഒരു ചെറിയ ബ്ലേക്ക് എടുത്ത് കോഫി മെഷീനിൽ നിന്ന് ഒരു കപ്പ് കാപ്പി കുടിച്ചാൽ ക്ഷീണവും തലവേദനയുമെല്ലാം ക്ഷണനേരം കൊണ്ട് ഗുഡ് ബൈ പറയും. ഒരു ദിവസം ഏതാണ്ട് അഞ്ചും ആറും തവണ മെഷീൻ കാപ്പി കുടിക്കുന്നവർ ഉണ്ടാകും. എന്നാൽ ഈ ശീലം അത്ര സേയ്ഫ് അല്ലെന്നാണ് സ്വീഡിഷ് ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്.
ഇത്തരം മെഷീനുകളിൽ നിന്നുള്ള കാപ്പിയിൽ കൊളസ്‌ട്രോളിൻറെ അളവു വർധിപ്പിക്കുന്ന ഡൈറ്റർപീനുകളായ കഫെസ്റ്റോൾ, കഹ്വിയോൾ എന്നീ സംയുക്തങ്ങളുടെ സാന്നിധ്യം കണ്ടെത്തി. ഇത് കാലക്രമേണ ഹൃദ്രോഗങ്ങളിലേക്കു നയിക്കാം. ഫിൽറ്റർ ചെയ്യപ്പെടാത്ത കാപ്പികളിൽ ഇവയുടെ അളവു കൂടുതലായിരിക്കുമെന്ന് ഉപ്സാല സർവകലാശാലയിലെയും ചാൽവേഴ്സ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.
കാപ്പിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾക്ക് ആരോഗ്യഗുണങ്ങൾ ധാരാളമുണ്ട്. എന്നാൽ എല്ലത്തരം കാപ്പികളും ഒരുപോലെയല്ല. ഫിൽറ്റർ ചെയ്യാത്ത കാപ്പി കൊളസ്ട്രോൾ അളവു കൂട്ടും. കോഫി മെഷീനിൽ ഉണ്ടാക്കുന്ന കാപ്പിയിൽ കടലാസിൽ ഫിൽട്ടർ ചെയ്യുന്ന കാപ്പിയെ അപേക്ഷിച്ച് കൊളസ്ട്രോൾ വർധിപ്പിക്കുന്ന സംയുക്തങ്ങൾ വളരെ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി.
14 വ്യത്യസ്ത ഓഫീസ് മെഷീനുകളിൽ നിന്നുള്ള കാപ്പികൾ ഗവേഷകർ വിശകലനം ചെയ്തു. ഇത്തരം കാപ്പികളിൽ കഫെസ്റ്റോൾ, കഹ്വിയോൾ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് പഠനത്തിൽ പറയുന്നു. സാധാരണയായി, പേപ്പർ ഫിൽട്ടറുകൾ ഈ പദാർത്ഥങ്ങളെ ഫിൽട്ടർ ചെയ്‌തെടുക്കുന്നു. എന്നാൽ മെഷീനിൽ അല്ലെങ്കിൽ ബ്രൂവറുകളിൽ സാധാരണയായി ഉപയോഗിക്കുന്ന ലോഹ ഫിൽട്ടറുകൾ അവയെ ഫിൽട്ടർ ചെയ്യാതെ കടത്തിവിടുകയും നിങ്ങളുടെ കാപ്പിൽ അവയുടെ സാന്ദ്രത കൂടുകയും ചെയ്യുന്നു.
ഏത് കോഫി മെഷീനുകളാണ് ഏറ്റവും മോശം?
ബ്രൂയിങ് മെഷീനുകൾ: ലോഹ ഫിൽട്ടറുകളിലൂടെ ചൂടുവെള്ളം കടത്തിവിടുന്ന ഏറ്റവും സാധാരണമായ ഓഫീസ് കോഫി മേക്കറുകൾ. ഇവയിലാണ് ഏറ്റവും ഉയർന്ന ഡൈറ്റർപീൻ അളവ് ഉണ്ടായിരുന്നത്.
ലിക്വിഡ്-മോഡൽ മെഷീനുകൾ: ഇവ ലിക്വിഡ് കോഫി കോൺസെട്രേഷൻ ചൂടുവെള്ളത്തിൽ കലർത്തിയാണ് കാപ്പി ആയി പുറത്തു വരുന്നത്. ബ്രൂയിങ് മെഷീനുകൾ അപേക്ഷിച്ച് ഡൈറ്റർപീൻ അളവ് കുറവാണ്.