മുഖം മിനുങ്ങും… വാളൻപുളി മാത്രം മതി..!

വാളൻപുളി കൊണ്ട് മുഖം മിനുങ്ങുമോ..? ഇത്തിരി പുളിക്കും എന്നു മുഖം ചുളിക്കാൻ വരട്ടെ. ടു വീലറിൽ കറങ്ങിനടക്കുന്നവരുടെ ഏറ്റവും വലിയ പ്രശ്‌നമാണ് മുഖവും കൈകളും വെയിലേറ്റു കരുവാളിച്ചു പോകുന്നു എന്നത്. സത്യം, മൊത്തം സീനാണ് എന്ന് ആരും സമ്മതിക്കും. എങ്കിലിതാ സീൻ, കോൺട്ര ആകാതിരിക്കാൻ ഒരു പുളി ബ്ലീച്ചിങ്. ഇനി വെയിലേറ്റു ചർമം വാടില്ല. അഥവാ വാടിയാലും നമുക്ക് വാളൻപുളി ബ്ലീച്ചിങ് കൊണ്ട് മിനുക്കിയെടുക്കാം. വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യുവാൻ പറ്റിയ വാളൻപുളി ബ്ലീച്ചിങ് പരിചയപ്പെടാം.

ആവശ്യമായ സാധനങ്ങൾ

1. ഉണങ്ങിയ വാളൻപുളി ഒരു ചെറുനാരങ്ങാ വലിപ്പത്തിൽ

2. അര ടീ സ്പീൺ കസ്തൂരി മഞ്ഞൾ

തയാറാക്കുന്ന വിധം

വാളൻപുളിയിൽ അര ഔൺസ് വെള്ളമൊഴിച്ച് കുതിർക്കുക. കുതിർന്ന ശേഷം നന്നായി കുഴച്ച് കുഴമ്പു രൂപത്തിലാക്കി ഒരു ഗ്ലാസ് ബൗളിലേക്ക് അരിച്ചെടുക്കുക. ശേഷം കസ്തൂരി മഞ്ഞൾ പൊടി ചേർത്ത് നന്നായി യോജിപ്പിക്കുക.

ഉപയോഗിക്കുന്ന വിധം

മുഖം നന്നായി കഴുകി വൃത്തിയാക്കി ശേഷം തയാറാക്കി വച്ച മിശ്രിതം വിരലുപയോഗിച്ച് മുഖത്ത് പുരട്ടുക. 20 മിനിട്ടിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. വൃത്തിയുള്ള ടവ്വൽ കൊണ്ട് മുഖത്തെ വെള്ളം ഒപ്പിയെടുക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. മിശ്രിതം ചെവിക്കു പിന്നിൽ പുരട്ടി അലർജിയില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം മുഖത്തു പുരട്ടുക. മിശ്രിതം മുഖത്തു പുരട്ടുമ്പോൾ കണ്ണിനു ചുറ്റും ഒഴിവാക്കുക.

തുടക്കത്തിൽ ആഴ്ചയിൽ മൂന്നു തവണയും പിന്നീട് രണ്ടു തവണയും ചെയ്യുക. കരുവാളിപ്പ് മാറി മുഖം തിളങ്ങും. വെയിലേറ്റു കരുവാളിച്ച മറ്റു ശരീര ഭാഗങ്ങളിലും ഈ ബ്ലിച്ചിങ് ഉപയോഗിക്കാം.

ചർമ സൗന്ദര്യം നിലനിർത്താൻ

നന്നായി വെള്ളം കുടിക്കുക. നല്ല ഉറക്കം. പ്രോട്ടീൻ, വിറ്റമിൻ സി, ഡി, ഇ അടങ്ങിയ ഭക്ഷണം. വ്യായാമം എന്നിവ ശീലമാക്കുക. ശാന്തമായ മനസ് ചർമ സൗന്ദര്യം വർദ്ധിപ്പിക്കും. മാനസിക പിരിമുറുക്കം കുറയ്ക്കാൻ ശ്വസനക്രിയകൾ ശരിയാംവണ്ണം ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *