പൊറോട്ട പഴയ പൊറോട്ടയല്ല; ലോകത്തിലെ ഏറ്റവും മികച്ച സ്ട്രീറ്റ് ഫുഡുകളുടെ പട്ടികയിൽ ആദ്യ അഞ്ചിൽ ഇടംപിടിച്ച് നമ്മുടെ പൊറോട്ട

കേരളത്തിന്‍റെ പൊറോട്ടയുടെ കീര്‍ത്തി അന്താരാഷ്ട്രതലത്തിലുമെത്തിയിരിക്കുകയാണ്. ആഗോള റാങ്കിംഗിന് പേരുകേട്ട ജനപ്രിയ ഓൺലൈൻ ഫുഡ് ഗൈഡായ ടേസ്റ്റ് അറ്റ്ലസ് പുറത്തിറക്കിയ പട്ടികയിൽ പൊറോട്ട ഇടംപിടിച്ചിരിക്കുകയാണ്. ലിസ്റ്റിലെ ആദ്യ അഞ്ചിലാണ് പൊറോട്ടയുടെ സ്ഥാനം.

മലയാളികൾക്ക് പൊറോട്ട ഒരു വികാരമാണ്. പൊറോട്ടയും ബീഫുമാണ് ഹിറ്റ് കോമ്പിനേഷനെങ്കിലും മട്ടണും ചിക്കനും എന്നുവേണ്ട സാമ്പാറും കൂട്ടിവരെ പൊറോട്ടയെ അകത്താക്കും മലയാളി. നൂൽ പൊറോട്ട, ബൺ പൊറോട്ട, പാൽ പൊറോട്ട, കിഴി പൊറോട്ട എന്നിങ്ങനെ പല വെറൈറ്റികളും പൊറോട്ടയിലുണ്ട്.

ഇന്ത്യയിൽ നിന്നുള്ള അമൃത്സരി കുൽച്ചയും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. പൊറോട്ടയുടെ പിന്നിലായി ആറാം സ്ഥാനത്താണ് കുൽച്ച. പരമ്പരാഗത ഉത്തരേന്ത്യന്‍ നാനിന്‍റെ മറ്റൊരു വകഭേദമാണ് കുല്‍ച്ച. മൈദയോ ആട്ടയോ ഉപയോഗിച്ച് തയ്യാറാക്കുന്ന ഇന്ത്യന്‍ ബ്രഡ് വിഭവമാണിത്. പഞ്ചാബാണ് കുൽച്ചകളുടെ ജൻമദേശമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇപ്പോൾ ഡൽഹിയുടെ തെരുവുകളിൽ കുൽച്ച തരംഗമാണ്. പട്ടികയിൽ 40-ാം സ്ഥാനത്തായി ചോലെ ഭട്ടൂരെ ഇടംപിടിച്ചിട്ടുണ്ട്. മൈദ കൊണ്ട് തയാറാക്കുന്ന പൂരിയും വെള്ളക്കടല കറിയും ആണ് ചോലെ ബട്ടൂര എന്ന് അറിയപ്പെടുന്നത്. പരമ്പരാഗത പഞ്ചാബി വിഭവമാണ് ഇത്.

അൾജീരിയൻ സ്ട്രീറ്റ് ഫുഡ് ഗാരന്റിറ്റയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. കടല മാവ്, എണ്ണ, സുഗന്ധവ്യഞ്ജനങ്ങൾ, വെള്ളം എന്നിവ ചേർത്ത് തയ്യാറാക്കിയ മിശ്രിതം മുട്ട അടിച്ചു മൂടി ബേക്ക് ചെയ്തെടുക്കുന്നതാണ് ഈ വിഭവം. ചൈനീസ് വിഭവമായ ഗുട്ടി ആണ് രണ്ടാം സ്ഥാനത്ത്.

Leave a Reply

Your email address will not be published. Required fields are marked *