യാത്രകൾക്കിടയിൽ സംഭവിക്കുന്ന കൗതുകമുണർത്തുന്ന സംഭവ വികാസങ്ങൾ പലപ്പോഴും സാമൂഹികമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. ഇത്തരത്തിൽ ഒരു റെഡ്ഡിറ്റ് ഉപഭോക്താവ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒൻപത് മണിക്കൂർ നീണ്ട വിമാന യാത്രയിലുണ്ടായ ഒരു സംഭവമാണ് യുവതി റെഡ്ഡിറ്റിൽ പങ്കുവെച്ചത്. യുവതിക്കൊപ്പം അതേ വിമാനത്തിൽ ആൺ സുഹൃത്തുമുണ്ടായിരുന്നു. എന്നാൽ രണ്ടുപേർക്കും തൊട്ടടുത്ത സീറ്റുകൾ ലഭിച്ചിരുന്നില്ല. ഇടയ്ക്കൊന്നു ബാത്ത്റൂമിൽ പോയി മടങ്ങി വന്നപ്പോൾ സീറ്റിലൊരു കുറിപ്പ്. “ഹേയ്, എനിക്ക് നിങ്ങളുടെ നമ്പർ ലഭിക്കുമോ?”എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. മറ്റൊന്നും ആ പേപ്പറിൽ ഉണ്ടായിരുന്നില്ല. ആരാണ് ആ കുറിപ്പ് തന്റെ സീറ്റിൽ വച്ചതെന്നറിയാൻ ആകാംഷയുണ്ടായിരുന്നെങ്കിലും സമീപമുണ്ടായിരുന്ന ആരിലും യാതൊരു ഭാവ വ്യത്യസവും ഉണ്ടായിരുന്നില്ലെന്നും യുവതി പറയുന്നു.
“കുറിപ്പ് എഴുതിയയാൾ സ്വയം വെളിപ്പെടുത്താത്തതിനാൽ ഞാൻ ഇപ്പോഴും അസ്വസ്ഥയാണ്, അരികിൽ പ്രായമായ വിവാഹിതരായ ദമ്പതിമാരായിരുന്നു. പക്ഷേ യാത്രയിലുടനീളം ഞങ്ങൾ സംസാരിച്ചില്ല. മറ്റാരായിരിക്കുമെന്ന് അറിയില്ല.” ദമ്പതിമാരാകാം കുറിപ്പ് സീറ്റിൽ വച്ചതെന്ന് സംശയം ഉണ്ടായെങ്കിലും ഉറപ്പില്ലായെന്നും യുവതി പറയുന്നു. ആൺ സുഹൃത്തിനെയും സംശയിച്ചു. കുറിപ്പ് യുവാവിനെ കാണിച്ചെങ്കിലും അവനായിരുന്നില്ല അത് അവിടെ വച്ചതെന്ന് ബോധ്യമായതായും യുവതി പറയുന്നു. ആ ഒരു കുറിപ്പ് പിന്നീട് യാത്രയുടെ അവസാനം വരെയും തന്നെ ആശയകുഴപ്പത്തിലാക്കിയെന്നും യുവതി റെഡ്ഡിറ്റിൽ കുറിച്ചു.
‘സീറ്റ് നമ്പർ എഴുതിക്കൊടുക്കാമായിരുന്നില്ലേ’, ‘ഏണീറ്റു നിന്ന് ഉറക്കെ ഫോൺനമ്പർ പറയാമായിരുന്നില്ലേ’ തുടങ്ങി രസകരമായ കമന്റുകളാണ് കുറിപ്പിന് ലഭിക്കുന്നത്.