നന്നായി ഉറങ്ങണോ?… എന്നാൽ കേട്ടോ എട്ടുമണിക്കൂറിൽ അല്ല, ഗോൾഡൻ അവറിലാണ് കാര്യം

നല്ല ഉറക്കം കിട്ടാൻ എട്ട് മണിക്കൂർ ഉറക്കം വരെ തികയ്ക്കുക എന്നതാണ് മിക്കയാളുകളുടെയും മുൻഗണന. എന്നാൽ ഉറക്കത്തിൻറെ ദൈർഘ്യം പോലെ തന്നെ ഉറങ്ങാൻ കിടക്കുന്ന സമയത്തിനും പ്രധാന്യമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നതാണ് യൂറോപ്യൻ ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം.

കൊളസ്‌ട്രോൾ, രക്തസമ്മർദം, ഡയറ്റ്, വ്യായാമം തുടങ്ങിയവ ഹൃദയാരോഗ്യത്തിൽ വഹിക്കുന്ന പങ്കുപോലെ തന്നെ നിർണായകമാണ് ഉറക്കവും, ഉറങ്ങാൻ കിടക്കുന്ന സമയവും. ഹൃദ്രോഗ സാധ്യത പരമാവധി കുറയ്ക്കുന്നത് ഉറങ്ങാൻ ഒരു ‘ഗോർഡൻ അവർ’ ഉണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.

43നും 74നും ഇടയിൽ പ്രായമായ 88,000 പേരുടെ ആരോഗ്യവിവരങ്ങൾ ഏഴു വർഷത്തോളം ഗവേഷകർ വിലയിരുത്തി. ഇവരുടെ ഉറക്കരീതികൾ നിരീക്ഷിച്ചതിൽ നിന്നും രാത്രി പത്തിനും പതിനൊന്നിനും ഇടയിൽ ഉറങ്ങുന്നവർക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ഗവേഷകർ കണ്ടെത്തി.

അതേസമയം രാത്രി പതിനൊന്നിനും അർധരാത്രിക്കുമിടയിൽ ഉറങ്ങുന്നവർക്ക് ഹൃദ്രോഗ സാധ്യത 12 ശതമാനം വരെയും അർധരാത്രിക്ക് ശേഷം ഉറങ്ങുന്നവർക്ക് 25 ശതമാനം വരെയും കൂടുതലാണെന്ന് പഠനത്തിൽ വിശദീകരിക്കുന്നു. രാത്രി പത്തിനും പതിനൊന്നിനും ഇടയിൽ ഉറങ്ങുന്നതാണ് ദീർഘകാല ഹൃദയാരോഗ്യത്തിന് ഗുണകരമെന്ന് ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷനിലെ സീനിയർ കാർഡിയാക് നഴ്സായ റെഗിന ഗിബ്ലിൻ പറയുന്നു.

ഏഴ് മുതൽ ഒൻപതു മണിക്കൂർ വരെയാണ് ആരോഗ്യകരമായ ഉറക്കത്തിന് ആവശ്യമായ ദൈർഘ്യം. ഇത് ശരീരത്തിൻറെ സ്വാഭാവിക താളം നിലനിർത്താൻ സഹായിക്കും. എന്നാൽ വൈകി ഉറങ്ങുന്നതും ഉറക്കത്തിനിടെ ഇടവേളകൾ ഉണ്ടാകുന്നതും ഹൃദയത്ത് അനാവശ്യമായ സമ്മർദം നൽകും.

Leave a Reply

Your email address will not be published. Required fields are marked *