തലമുടി കൊഴിച്ചിലാണോ പ്രശ്നം? ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ തന്നെ തലമുടിയെ സംരക്ഷിക്കാം. തലമുടിയുടെ ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങൾ തെരഞ്ഞെടുക്കേണ്ടതും പ്രധാനമാണ്. തലമുടി കൊഴിച്ചിലും താരനും അകറ്റാൻ പരീക്ഷിക്കേണ്ട ഹെയർ പാക്കുകൾ എന്തൊക്കെയാണെന്ന് നോക്കാം.
ഒന്ന്
രണ്ട് ടീസ്പൂൺ ഉള്ളി നീരിൽ അല്പം കറ്റാർവാഴ ജെൽ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിക്കാം. അര മണിക്കൂർ കഴിഞ്ഞ് കഴുകി കളയാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്താൽ മുടി കൊഴിച്ചിൽ കുറയും.
രണ്ട്
ഒരു മുട്ടയുടെ വെള്ള, രണ്ട് ടേബിൾസ്പൂൺ പഴുത്ത പഴം എന്നിവ മിശ്രിതമാക്കി തലയോട്ടിയിലും തലമുടിയിലും പുരട്ടാം. 30 മിനിറ്റിന് ശേഷം തല കഴുകാം. ഇതും ആഴ്ചയിൽ രണ്ട് തവണ വരെ പരീക്ഷിക്കുന്നത് തലമുടി കൊഴിച്ചിൽ തടയാനും മുടിക്ക് തിളക്കം ലഭിക്കാനും സഹായിക്കും.
മൂന്ന്
ഒരു കപ്പ് കഞ്ഞി വെള്ളത്തിൽ 20 ഗ്രാം ഉലുവ ഇടുക. രാത്രി മുഴുവൻ കഞ്ഞിവെള്ളത്തിൽ ഉലുവ ഇട്ട് വച്ചതിന് ശേഷം രാവിലെ ഉലുവ അരിച്ചുമാറ്റാം. ഇനി ഈ കഞ്ഞിവെള്ളം നനഞ്ഞ മുടിയിൽ സ്പ്രേ ചെയ്യുകയോ ബ്രഷ് ഉപയോഗിച്ച് പുരട്ടുകയോ ചെയ്യാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം.
നാല്
കുതിർത്ത ഉലുവ കറിവേപ്പിലയോടൊപ്പം ചേർത്തരച്ച് തലമുടിയിൽ പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. ഇതും മുടി വളരാനും താരൻ അകറ്റാനും ഗുണം ചെയ്യും.