ഓണത്തിന് പാൽപായസത്തിനൊപ്പം ബോളി ഉണ്ടാക്കിയാലോ?

ഓണത്തിന് സദ്യയൊരുക്കുമ്പോൾ പ്രധാന താരം പായസമാണ്. പായസം അടിപൊളിയായാൽ സദ്യ കെങ്കേമമായി. പ്രഥമനോ, പാൽ പായസമോ, പാലടക്കോ ഒപ്പം തെക്കൻ കേരളത്തിൽ വിളമ്പുന്ന ഒന്നാണ് ബോളി. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ബോളി ഇല്ലാതെ ഒരു സദ്യയില്ല. പായസമില്ലാതെ കഴിക്കാനും ബോളി അടിപൊളിയാണ്. ബോളി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

കടലപ്പരിപ്പ് – ഒരു കപ്പ്

വെള്ളം – രണ്ടര കപ്പ്

പഞ്ചസാര – ഒരു കപ്പ്

ഏലക്ക – 5

ജാതിക്ക – ഒന്നിന്റെ നാലിലൊന്ന്

നെയ്യ് – ഒരു ടേബിൾ സ്പൂൺ

മൈദ – മുക്കാൽ കപ്പ്

മഞ്ഞൾ പൊടി – ഒരു നുള്ള്

ഉപ്പ് – ഒരു നുള്ള്

നല്ലെണ്ണ – രണ്ട് ടേബിൾ സ്പൂൺ

അരിപ്പൊടി – പരത്താൻ ആവശ്യത്തിന്

നെയ്യ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

കടലപ്പരിപ്പ് കഴുകി വൃത്തിയാക്കി രണ്ടര കപ്പ് വെള്ളം ചേർത്തു പ്രഷർ കുക്കറിൽ നാല് വിസിൽ വരുന്നതുവരെ വേവിക്കുക. വെന്ത കടലപ്പരിപ്പ് വെള്ളം വാലാനായി ഒരു അരിപ്പയിലേക്ക് ഇട്ടു വയ്ക്കുക. വെള്ളം മുഴുവൻ പോയി കഴിയുമ്പോൾ മിക്‌സിയുടെ ചെറിയ ജാറിൽ വെള്ളം ചേർക്കാതെ അരച്ചെടുക്കുക. മൈദയും, മഞ്ഞൾപ്പൊടിയും, ഉപ്പും കൂടി കൈ കൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക. ഇതിലേക്കു വെള്ളം കുറേശ്ശേ ചേർത്തു ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക. ഇതിനു മുകളിലേക്കു രണ്ട് ടേബിൾ സ്പൂൺ നല്ലെണ്ണ ഒഴിച്ച് അടച്ചുവച്ച് അരമണിക്കൂർ മാറ്റിവയ്ക്കുക.

പഞ്ചസാരയും ഏലക്കയും ജാതിക്കയും കൂടി പൊടിച്ച് ഇടഞ്ഞെടുക്കുക. പൊടിച്ച പഞ്ചസാരയും അരച്ച കടലപ്പരിപ്പും കൂടി ചുവടുകട്ടിയുള്ള ഒരു പാത്രത്തിലേക്ക് ഇട്ട് നന്നായി വരട്ടിയെടുക്കുക. കട്ടി കൂടുതലായി തോന്നിയാൽ കടലമാവ് വേവിച്ച വെള്ളം അല്പം ചേർത്തു കൊടുക്കാം. വശങ്ങളിൽ നിന്നും വിട്ടു തുടങ്ങുമ്പോൾ ഒരു ടേബിൾ സ്പൂൺ നെയ്യ് കൂടി ചേർത്തു വരട്ടുക. ഉരുട്ടിയെടുക്കാൻ പറ്റുന്ന പരുവം ആകുമ്പോൾ തീ ഓഫ് ചെയ്ത് ചൂടാറാൻ വേണ്ടി മാറ്റി വയ്ക്കുക.

ചൂടാറി കഴിയുമ്പോൾ കൈയിൽ അൽപം നെയ്യ് തടവി നാരങ്ങാ വലിപ്പത്തിലുള്ള ഉരുളകളാക്കുക. തയാറാക്കിയ മൈദ മാവിൽ നിന്നും ചെറിയ നെല്ലിക്ക വലുപ്പത്തിലുള്ള ഉരുളകൾ എടുക്കുക. ഇത് കൈയിൽ വച്ച് മെല്ലെ പരത്തുക. കടലപ്പരിപ്പ് ഉരുളകൾ ഇതിലേക്കു വച്ച് നന്നായി പൊതിഞ്ഞെടുക്കുക. അൽപം അരിപ്പൊടി വിതറിയശേഷം കനംകുറച്ച് പരത്തി എടുക്കുക. ദോശക്കല്ല് ചൂടാക്കി ചപ്പാത്തി ചുടുന്നതു പോലെ ബോളി ചുട്ടെടുക്കാം. രണ്ടുവശത്തും ഓരോ സ്പൂൺ നെയ്യ് വീതം പുരട്ടി കൊടുക്കുക. ഇലയിൽ ബോളി വെച്ച് അതിനു മുകളിലേക്ക് പായസം ഒഴിച്ച് രണ്ടും കൂടി ചേർത്ത് കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *