‘എഗ് പാനിപ്പൂരി’ തരംഗവും ചില്ലറ വാദപ്രതിവാദങ്ങളും

പാനിപ്പൂരി, വടാപാവ് തുടങ്ങിയ നിരവധി നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ മലയാളിക്കും പ്രിയങ്കരമാണ്. വൈകുന്നേരങ്ങളില്‍ സുഹൃത്തുക്കള്‍ അല്ലെങ്കില്‍ പ്രിയപ്പെട്ടവരോടൊപ്പം ഇത്തരത്തിലുള്ള സ്ട്രീറ്റ് ഫുഡ് കഴിക്കാന്‍ പോകുന്നത് മലയാളിയുടെയും ശീലമായിമാറിയിട്ടുണ്ട്. വിവിധതരം ഫുഡ് ആസ്വദിച്ചു കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് പുതുതലമുറക്കാര്‍. പാരമ്പര്യരുചി തേടി അന്യനാടുകളില്‍വരെ പോയി ഭക്ഷണം കഴിക്കുന്നവരുണ്ട് നമ്മുടെ നാട്ടില്‍. അതിന്റെ രുചിപ്പെരുമയും ചരിത്രവും തയാറാക്കുന്നവിധവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുമുണ്ട് ചിലര്‍.

ഇപ്പോള്‍ ഉത്തരേന്ത്യന്‍ നഗരത്തിലെ സ്ട്രീറ്റ് ഫുഡ് മെനുവില്‍ ഒരു പുത്തന്‍ താരം കൂടി എത്തിയിരിക്കുന്നു. മറ്റാരുമല്ല, പാനിപ്പൂരിയുടെ പുതിയ വെറൈറ്റി, ‘എഗ് പാനിപ്പൂരി!’ ഭക്ഷണശാല നടത്തിപ്പുകാരന്‍ എഗ് പാനിപ്പൂരി തയാറാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്. ധാരാളം ആളുകളാണ് എഗ് പാനിപ്പൂരി കഴിക്കാന്‍ ഈ കടയിലെത്തുന്നത്. പുഴുങ്ങിയ മുട്ട രണ്ടായി മുറിച്ചശേഷം മഞ്ഞക്കരു നീക്കി ഒരു പ്ലേറ്റില്‍ വയ്ക്കുന്നു. തുടര്‍ന്ന് തക്കാളി സോസ്, ക്രീം, ചീസ്, മസാല എന്നിവ നിറയ്ക്കുന്നു. ഇങ്ങനെയാണ് എഗ് പാനിപ്പൂരി ലളിതമായി തയാറാക്കുന്നത്. വീഡിയോയില്‍ തയാറാക്കുന്നതു വ്യക്തമായി വിവരിക്കുന്നുണ്ട്.

അതേസമയം, നെറ്റിസണ്‍സിനിടയില്‍ എഗ് പാനിപ്പൂരിക്കെതിരെ വ്യാപകവിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. വിചിത്രമായ പാചകക്കുറിപ്പാണെന്ന് ഒരു വിഭാഗം സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ അഭിപ്രായപ്പെടുന്നു. ഇതിനു പാനിപ്പൂരിയുമായി എങ്ങനെ ബന്ധം വരുമെന്നാണ് ചിലര്‍ ചോദിക്കുന്നത്. സാധാരണ പാനിപൂരിയില്‍ ഉപയോഗിക്കുന്ന ചേരുവകളൊന്നും എഗ് പാനിപ്പൂരിയില്‍ ചേര്‍ക്കാത്തതാണ് ഭക്ഷണപ്രിയരില്‍ അതൃപ്തി ജനിപ്പിച്ചത്. അതേസമയം, പുതിയ വിഭവത്തെ വാനോളം പുകഴ്ത്തുന്നവരും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. എന്തൊക്കെയായാലും എഗ് പാനിപ്പൂരി സൂപ്പര്‍ സ്റ്റാര്‍ പദവിയിലെത്തി!

Leave a Reply

Your email address will not be published. Required fields are marked *