ഓരോ നാട്ടില്‍ പോയാലും അവിടുത്തെ രുചികളറിയുന്ന ഭക്ഷണം തിരഞ്ഞെടുത്ത് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. ഭക്ഷണം കഴിക്കാനായി ഓരോ നാട്ടിലും പോകുന്നവരുമുണ്ട്. അത്തരത്തില്‍ കരിമ്പിന് ജ്യൂസ് കുടിക്കാന്‍ ഇന്ത്യലേയ്ക്ക് പറന്നിറങ്ങിയ ഒരു ദക്ഷിണ കൊറിയന്‍ ബ്ലോഗറുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കിം ജേഹിയോന്‍ എന്ന യുവാവാണ് കരിമ്പിന് ജ്യൂസ് കുടിക്കാനായി ഇന്ത്യലേയ്ക്ക് എത്തിയത്. ഇന്ത്യയിലെത്തിയ താന്‍ ആദ്യം ചെയ്തത് എന്ന് കുറിച്ച് ജ്യൂസ് കുടിക്കുന്ന വീഡിയോ കിം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.
വിമാന യാത്ര മുതലുള്ള കാഴ്ചകള്‍ നിറഞ്ഞ ഷോര്‍ട്ട് വീഡിയോയാണ് യുവാവ് പങ്കുവച്ചത്. വിമാനമിറങ്ങി ഇയാള്‍ ബസ്സില്‍ യാത്ര ചെയ്തും കുറച്ചു ദൂരം ബൈക്കില്‍ സഞ്ചരിച്ചതിനും ശേഷമാണ് മഹാരാഷ്ട്രയിലെ ഒരു ജ്യൂസ് കടയിലെത്തിയത്. കടക്കാരന് ഒരു ഗ്ലാസ് നിറയെ കരിമ്പിന് ജ്യൂസ് യുവാവിന് നല്കി. ഒറ്റയടിക്ക് ജ്യൂസ് അകത്താക്കുകയായിരുന്നു യുവാവ്. പിന്നാലെ ഒരു കരിമ്പിന് കഷ്ണം കടിച്ച് കഴിക്കുന്നതും വീഡിയോയില്‍ കാണാം. അതും യുവാവിന് ഇഷ്ടപ്പെട്ടത്രേ.
നിരവധി പേരാണ് യുവാവിന്റെ വീഡിയോ കണ്ടതും ലൈക്ക് ചെയ്തതും. കരിമ്പിന് ജ്യൂസ് പ്രേമികള്‍ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി രംഗത്തെത്തി. കരിമ്പിന് ജ്യൂസിനെ കുറിച്ചുള്ള ഗുണങ്ങളാണ് പലരും കമന്റ് ബോക്സിലൂടെ പങ്കുവച്ചത്. ദാഹം മാറ്റാന്‍ പറ്റിയ നല്ലൊരു പാനീയമാണ് കരിമ്പിന് ജ്യൂസ്. രുചികരവും പോഷസമ്പുഷ്ടവുമായ കരിമ്പിന് ജ്യൂസ് ദാഹമകറ്റുന്നതോടൊപ്പം ഉന്മേഷവും ഊർജ്ജസ്വലതയും നല്കുന്നു. നല്ല ആരോഗ്യത്തിന് മാത്രമല്ല ശരീരഭാരം കുറയ്ക്കാനും കരിമ്പിന് ജ്യൂസ് നല്ലതാണ്.