അനീതിയോടും അവഗണനയോടും ഇനിമുതൽ നോ കോംപ്രമൈസ്. ട്രെൻഡായി മാറുകയാണ് പ്രതികാര രാജി അഥവാ റിവഞ്ച് റെസിഗ്നേഷന്‍. ജീവനക്കാരുടെ ഫീലിങ്സിനെ പരിഗണിക്കാത്ത ജോലി ഉപേക്ഷിക്കുന്നത് ഇപ്പോൾ കോർപ്പറേറ്റ് ലോകത്ത് ഒരു ട്രെൻഡാണ്. ഒരു പുതിയ ജോലി ലഭിച്ചാലോ അല്ലെങ്കിൽ ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല എന്ന് വിചാരിക്കുമ്പോഴോ ആണ് മുൻപൊക്കെ ആളുകൾ ജോലി രാജി വെച്ചിരുന്നത്. എന്നാല്‍ 2025 പിറന്നതോടെ പ്രതികാര രാജിയാണ് തരംഗമാകുന്നത്.
ഓഫീസിലെ ഈഗോ, നിരവേറ്റാത്ത വാഗ്ദാനങ്ങൾ, ഫേവറിസം, ടോക്സിക്കായ അന്തരീക്ഷം, അർഹിക്കുന്ന അംഗീകാരം ലഭിക്കാതിരിക്കുക തുടങ്ങിയ കാരണങ്ങളാണ് പ്രതികാര രാജിയിൽ എത്തിക്കുന്നത്. തങ്ങളുടെ അസംതൃപ്തി അറിയിക്കാനുള്ള ഒരു മാര്‍ഗം മാത്രമാണ് ഈ പെട്ടെന്നുള്ള രാജി. ജീവനക്കാരുടെ ക്ഷേമം അവഗണിക്കുന്ന കമ്പനിയുടെ ബിസിനസ് ഒരു ചെറിയ രീതിയിലെങ്കിലും തടസ്സപ്പെടുത്തുക എന്ന ഉദ്ദേശവും ഇതിന് പിന്നിലുണ്ട്. ഈ പുത്തന്‍ ട്രെന്‍ഡും തുടങ്ങിവച്ചിരിക്കുന്നത് ജെന്‍ സിക്കാരാണ്. മാനസികാരോഗ്യത്തിന് മറ്റെന്തിനേക്കാളും പ്രാധാന്യം നല്‍കുന്നവരാണ് ജെന്‍ സി യുവത. മുന്‍തലമുറയെപ്പോലെ ജോലി നല്‍കുന്ന സുരക്ഷിതത്വത്തില്‍ മറ്റെല്ലാം സഹിച്ച് മുന്നോട്ടുപോകാന്‍ അവര്‍ തയ്യാറല്ല. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്ത് ഉചിതമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കിൽ വലിയ കമ്പനികളിലുള്‍പ്പെടെ കാത്തിരിക്കുന്നത് തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കായിരിക്കും.