അമിതമായി രാത്രിയിൽ വിയർക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

രാത്രികാലങ്ങളിൽ അമിതമായി വിയർക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകാമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ചൂടുള്ള സമയത്ത് ശരീരം വിയര്‍ക്കുന്നത് ടോക്‌സിനുകളെ പുറന്തളുന്നതിനാണ്. ഇതു ശരീരത്തിന് സംരക്ഷണമൊരുക്കുന്നു. വേനലിൽ രാത്രിയില്‍ വിയര്‍ക്കുന്നവരാണ് മിക്കവരും. എന്നാല്‍ രാത്രികാലങ്ങളിലുണ്ടാകുന്ന അമിത വിയര്‍പ്പ് ചില രോഗങ്ങളുടെ ലക്ഷണങ്ങളാണ്.

അതേസമയം, ആര്‍ത്തവ വിരാമം, ശരീരത്തിലെ അണുബാധ, മരുന്നുകൾ, ബെഡ്റൂമിലെ അമിതയളവിലുള്ള ചൂട് എന്നിവയെല്ലാം രാത്രിയിൽ വിയര്‍ക്കാൻ കാരണമാകുന്നു. തലച്ചോറിലെ ഹൈപ്പോതലാമസാണ് ശരീരത്തിന്‍റെ താപനില നിയന്ത്രണ കേന്ദ്രം. ചർമത്തിലെ നാഡീകോശങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഹൈപ്പോതലാമസിലേക്ക് നല്‍കുന്ന ഭാഗമാണ് തെർമോർസെപ്റ്ററുകൾ. ശരീരം അനുഭവിക്കുന്ന താപനിലയെ കുറിച്ചുള്ള വിവരങ്ങള്‍ ഇതിലൂടെ ഹോപ്പോതലാമസിലെത്തും. ഇത്തരം വിവരങ്ങള്‍ക്ക് അനുസരിച്ച് ശരീരം വിയര്‍ക്കുന്നതിനും ശരീരം തണുപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഹൈപ്പോതലാമസില്‍ നടക്കുന്നു. ഇതിന് അനുസരിച്ചാണ് ശരീരത്തില്‍ വിയര്‍പ്പ് ഉണ്ടാകുന്നത്.

പ്രായ, ലിംഗ ഭേദമില്ലാതെ ആര്‍ക്കും രാത്രിയില്‍ ശരീരത്തില്‍ അമിത വിയര്‍പ്പ് ഉണ്ടായേക്കാം. എന്നാല്‍ സ്‌ത്രീകള്‍ക്ക് പുരുഷന്മാരെ അപേക്ഷിച്ച് വിയര്‍പ്പിന്‍റെ അളവ് കൂടുതലായിരിക്കും. പ്രധാനമായും ആര്‍ത്തവ വിരാമം, ഹോര്‍മോണുകളുടെ അളവിലുണ്ടാകുന്ന വ്യതിയാനം എന്നിവയും അമിത വിയര്‍പ്പിന് കാരണമാകാറുണ്ട്. 80 ശതമാനം സ്‌ത്രീകളിലും ആര്‍ത്തവവിരാമ സമയത്ത് ഇത്തരം രാത്രികാല വിയര്‍പ്പ് ഉണ്ടാകുന്നുണ്ട്. ഹോര്‍മോണുകളിലുണ്ടാകുന്ന വ്യത്യാസം പുരുഷന്മാരിലും അമിത വിയര്‍പ്പിന് കാരണമാകാറുണ്ട്. പ്രത്യേകിച്ചും ഹൈപ്പോഗൊനാഡിസം എന്നറിയപ്പെടുന്ന ടെസ്റ്റോസ്റ്റിറോണിലെ അളവിലുണ്ടാകുന്ന മാറ്റമാണ് പുരുഷന്മാരിലെ അമിത വിയര്‍പ്പിന് കാരണമാകുന്നത്.

വിവിധ തരം അണുബാധകള്‍ രാത്രികാല വിയര്‍പ്പിന് കാരണമാകും. ജലദോഷം പോലുളള ചെറിയ അണുബാധയുള്ള സമയത്ത് പോലും വിയര്‍പ്പ് അനുഭവപ്പെടും. ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ് (എച്ച്ഐവി), ഹോഡ്‌കിൻസ്, നോൺ-ഹോഡ്‌കിൻസ് ലിംഫോമ തുടങ്ങിയ രോഗങ്ങളുടെ ഗുരുതര ലക്ഷണങ്ങളിലൊന്നാണ് രാത്രിയിലെ അമിത വിയര്‍പ്പ്.

തൈറോയ്‌ഡ് ഹോര്‍മോണ്‍ പ്രശ്‌നങ്ങളും മെത്തഡോണ്‍ എന്ന മരുന്നിന്‍റെ ഉപയോഗവും പതിവായി മദ്യപിക്കുന്നതും മയക്ക് മരുന്നിന്‍റെ അമിത ഉപയോഗവുമെല്ലാം രാത്രിയിലെ അമിത വിയര്‍പ്പിന് കാരണമാകും. ഏതാനും മാനസിക പ്രയാസങ്ങള്‍ നേരിടുന്നവര്‍ക്കും അത്തരം അവസ്ഥകളുണ്ടാകാറുണ്ട്.

ഉറങ്ങാൻ തണുപ്പുള്ളതും വായു സഞ്ചാരമുള്ളതുമായ മുറി തെരഞ്ഞെടുക്കുക.കട്ടിയുള്ള വസ്‌ത്രങ്ങള്‍ ധരിക്കാതിരിക്കുക. കഴിവതും കോട്ടണ്‍ വസ്‌ത്രങ്ങള്‍ രാത്രിയില്‍ ധരിക്കുക. സിന്തറ്റിക് ഫൈബര്‍ ബെഡുകള്‍ക്ക് പകരം കനം കുറഞ്ഞവ ഉപയോഗിക്കുക.

Leave a Reply

Your email address will not be published. Required fields are marked *