16ാമത് ഷാർജ അന്താരാഷ്ട്ര കുട്ടികളുടെ വായനോത്സവത്തിന് പ്രൗഢമായ തുടക്കം

ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന 16ാമത് ഷാർജ അന്താരാഷ്ട്ര കുട്ടികളുടെ വായനോത്സവത്തിന് പ്രൗഢമായ തുടക്കം. ഷാർജ എക്‌സ്‌പോ സെൻററിൽ യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു.

ഷാർജ ഉപഭരണാധികാരിയും ഷാർജ ബുക്ക് അതോറിറ്റി (എസ്.ബി.എ) ചെയർപേഴ്‌സനുമായ ശൈഖ ബുദൂർ അൽ ഖാസിമി, ആരോഗ്യ, പ്രതിരോധ വകുപ്പ് മന്ത്രി അബ്ദുർറഹ്‌മാൻ ബിൻ മുഹമ്മദ് അൽ ഉവൈസ്, ഈജിപ്ത് സാംസ്‌കാരിക മന്ത്രി ഡോ. അഹ്‌മദ് ഫുആദ് ഹാനോ, ഷാർജയിലെ സാംസ്‌കാരിക, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡയറക്ടർമാർ, പ്രമുഖ സാഹിത്യകാരന്മാർ, ബുദ്ധിജീവികൾ, കുട്ടികളുടെ സാഹിത്യ രചനകളിൽ വിദഗ്ധർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

അറബ് ചിൽഡ്രൻസ് ലിറ്ററേച്ചർ അവാർഡിനായി പുനർരൂപകൽപന ചെയ്ത വെബ്‌സൈറ്റിൻറെ ഉദ്ഘാടനവും ശൈഖ് സുൽത്താൻ നിർവഹിച്ചു. പുരസ്‌കാരത്തിനായി വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. പുസ്തകോത്സവത്തിൻറെ 17ാമത് എഡിഷൻ അവാർഡ് പ്രഖ്യാപനവും അദ്ദേഹം നടത്തി. ഷാർജ ചിൽഡ്രൻസ് ബുക്ക് അവാർഡുകളും അദ്ദേഹം സമ്മാനിച്ചു. മൂന്നു വിഭാഗങ്ങളിലായി 20,000 ദിർഹം വീതമാണ് വിജയികൾക്ക് സമ്മാനിച്ചത്. ഷാർജ ചിൽഡ്രൻസ് ബുക്ക് ഇല്ലസ്‌ട്രേഷൻ എക്‌സിബിഷൻ അവാർഡും ചടങ്ങിൽ സുൽത്താൻ സമ്മാനിച്ചു.

‘പുസ്തകങ്ങളിലേക്ക് മുങ്ങാംകുഴിയിടാം’ എന്ന പ്രമേയത്തിൽ നടക്കുന്ന മേളക്ക് വിപുലമായ സൗകര്യങ്ങളാണ് ഷാർജ എക്‌സ്‌പോ സെൻററിൽ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികളുടെ കലാപരമായ വിവിധ പ്രകടനങ്ങളും അരങ്ങേറിയിരുന്നു. 12 ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 600ലേറെ ശിൽപശാലകളും സാംസ്‌കാരിക പരിപാടികളും അരങ്ങേറും. 22 രാജ്യങ്ങളിൽനിന്നായി 122 അറബ്, അന്താരാഷ്ട്ര പുസ്തക പ്രസാദകരാണ് മേളയിൽ പ്രദർശനത്തിനെത്തിയിരിക്കുന്നത്. 70 രാജ്യങ്ങളിൽനിന്നായി 133 അതിഥികളും 10,24 പരിപാടികളിലായി പങ്കെടുക്കും.

കൂടാതെ അന്താരാഷ്ട്ര അറബ്, രാജ്യാന്തര എഴുത്തുകാരും ചിന്തകരും ഉൾപ്പെടെ 50ലേറെ പ്രഗല്ഭർ നയിക്കുന്ന 50ലധികം ശിൽപശാലകളുമുണ്ടാകും. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒമ്പതു മുതൽ രാത്രി എട്ടുവരെയും വെള്ളിയഴ്ച വൈകീട്ട് നാലു മുതൽ രാത്രി ഒമ്പതു വരെയും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെയുമാണ് സന്ദർശന സമയം. സ്‌കൂൾ വിദ്യാർഥികൾക്ക് പ്രത്യേക സമയം അനുവദിച്ചിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്. മേയ് നാലിന് മേള സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *